തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന മൂന്നുമണിക്കൂറില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 26-05-2023 മുതല്‍ 28-05-2023 വരെ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യത.
അടുത്ത രണ്ട് ദിവസങ്ങളില്‍ തമിഴ്നാട് തീരത്തും, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും, ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.
മേയ് 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.