കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസിലെ ഒന്നാം പ്രതിയായ എം.ശിവശങ്കറിന് വീണ്ടും തിരിച്ചടി. ഇദ്ദേഹത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി. ചികിത്സാര്‍ത്ഥമെന്ന് കാരണം പറഞ്ഞാണ് എം. ശിവശങ്കര്‍ വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ലൈഫ് മിഷന്‍ കേസില്‍ ഒന്നാം പ്രതിയാണ് ശിവശങ്കര്‍. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിലവില്‍ സുപ്രീംകോടതി പരിഗണനയിലാണ്.
ജാമ്യ ഉപാധികളില്‍ ഇളവ് തേടി യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയും കോടതി തളളി. തന്റെ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്.
മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷന്‍ കേസ് എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണെന്നും അതിനാല്‍ അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയില്‍ ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യം, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.