പ്രളയഫണ്ട് തട്ടിച്ച സ്വന്തം പാര്‍ട്ടിക്കാരെ ഓര്‍ത്ത് നാണക്കേടുണ്ടാകാത്ത മുഖ്യമന്ത്രി അഴിമതി വച്ചുപൊറിപ്പിക്കി
ല്ലെന്ന് പറയുന്നത് അമ്പരിപ്പിക്കുന്നതാണെന്ന് ആര്‍ എം പി നേതാവ് കെ.കെ രമ. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ പറഞ്ഞത്.
ആനയെ കട്ടവനെയോര്‍ത്ത് മുഖ്യമന്ത്രിക്ക് നാണമില്ല. ചേനകട്ടവനെയോര്‍ത്താണ് നാണക്കേടെന്നും കെ കെ രമ പരിഹസിച്ചു. ഓഖി ഫണ്ട് തട്ടിപ്പ്, സ്പ്രിംഗ്ളര്‍ ഇടപാടിലെ അഴിമതി, ലൈഫ് മിഷന്‍, കൊറോണയുടെ മറവില്‍ മാസ്‌കിലും മരുന്നിലും പി.പി കിറ്റുകളില്‍ പോലും നടന്ന തട്ടിപ്പുകള്‍, എ.ഐ ക്യാമറ ഇടപാട് അഴിമതി, ഇങ്ങനെ അനേക കോടികളുടെ അഴിമതിയുടെ നിഴലില്‍ നില്‍ക്കുന്ന ഒരു ഗവണ്‍മെന്റിനെ നയിക്കുന്ന മുഖ്യമന്ത്രി അഴിമതിക്കാര്‍ക്കെതിരെ നിലപാടെടുക്കും എന്ന് പറയുന്നത് വെറും ഗീര്‍വ്വാണ പ്രസംഗംമാത്രമാണെന്നും കെ കെ രമ പറഞ്ഞു.
രമയുടെ ഫേസ് ബുക്ക് പോസ്റ്റ്:
ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുമ്പോള്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്റിന്റെ ചെയ്തി ദുഷ്പേരുണ്ടാക്കിയെന്ന് കേരള മുനിസിപ്പല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചത് കേട്ടു. ശരിയാണ്. അഴിമതിക്കാര്‍ നമ്മുടെ നാടിന് നാണക്കേടാണ്. കൃത്യമായ അന്വേഷണം നടക്കണം. മാതൃകാപരമായി ആ ജീവനക്കാരന്‍ ശിക്ഷിക്കപ്പെടണം. അയാള്‍ക്കു പിറകിലോ ഒപ്പമോ ആരെങ്കിലും ഉണ്ടെങ്കില്‍ അവരും നിയമത്തിന്റെ മുന്നിലെത്തണം.
പക്ഷേ ഈ ദുഷ്പേരില്‍ രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.എ.എസുകാരനുമായ എം.ശിവശങ്കരര്‍ അഴിമതിക്കേസില്‍ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണ്.
ആനയെ കട്ടവനെയോര്‍ത്ത് മുഖ്യമന്ത്രിക്ക് നാണമില്ല. ചേന കട്ടവനെക്കുറിച്ച് ഹയ്യോ എന്തൊരു നാണക്കേടും ദുഷ്പ്പേരും.! പ്രളയ ദുരിതാശ്വാസ ഫണ്ടുകള്‍ മുക്കിയ പാര്‍ട്ടിക്കാരെ ഓര്‍ത്ത് നാണക്കേടുണ്ടാവാത്ത മുഖ്യമന്ത്രി അഴിമതി വെച്ചുപൊറുപ്പിക്കില്ലത്രെ!. ഓഖി ഫണ്ട് തട്ടിപ്പ്, സ്പ്രിംഗ്ളര്‍ ഇടപാടിലെ അഴിമതി, ലൈഫ് മിഷന്‍, കൊറോണയുടെ മറവില്‍ മാസ്‌കിലും മരുന്നിലും പി.പി കിറ്റുകളില്‍ പോലും നടന്ന തട്ടിപ്പുകള്‍, എ.ഐ ക്യാമറ ഇടപാടഴിമതി…
ഇങ്ങനെ അനേക കോടികളുടെ അഴിമതിയുടെ നിഴലില്‍ നില്‍ക്കുന്ന ഒരു ഗവണ്‍മെന്റിനെ നയിക്കുന്ന മുഖ്യമന്ത്രി അഴിമതിക്കാര്‍ക്കെതിരെ നിലപാടെടുക്കും എന്ന് പറയുന്ന ഗീര്‍വ്വാണ പ്രസംഗം ആരെയും അമ്പരപ്പിക്കുന്നത് തന്നെ.
കെ.കെ.രമ