ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ ഹര്‍ജിയില്‍ ഇടപടേണ്ട കാര്യമില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെ ഹര്‍ജിക്കാരനോട് വാദിക്കാന്‍ കോടതി ആവശ്യപ്പെട്ടു. വാദം തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഭരണഘടനയുടെ അനുഛേദം 79 ന് ഉദ്ഘാടനവുമായി എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു. പിന്നാലെ ഹര്‍ജി പിന്‍വലിച്ചോളാമെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ഇതോടെയാണ് ഹര്‍ജി തള്ളിയത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്നലെ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി ഇന്ന് വാദം കേട്ടത്. ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്ത് ഭരണഘടന വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ഹര്‍ജിക്കാരന്‍ ആരോപിച്ചത്. പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. 20 പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.