ന്യൂഡല്‍ഹി: മെയ് 28ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്ത് ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രധാനമന്ത്രിയായിരിക്കും പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുകയെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പുതിയ പാര്‍ലമെന്റ് ഉല്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ചടങ്ങ് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് നിലപാടെടുത്തിരിക്കുകയാണ്. 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബി.എസ്.പിയും ജെ.ഡി.എസുമാണ് പ്രതിപക്ഷ നിരയില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.