മംഗള-ലക്ഷദ്വീപ്-നിസാമുദ്ദീന്‍ 12618ാം നമ്പര്‍ ട്രെയിനിന്റെ മടക്കയാത്രയിലെ പഴയങ്ങാടി സ്റ്റോപ്പ് നിര്‍ത്തലാക്കിയ റെയില്‍വേയുടെ നടപടി പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് രാജമോഹന്‍ ഉണ്ണിത്താന്‍ എം.പിക്കു നല്‍കിയ നിവേദനത്തിലൂടെ ദുബായ് ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു.
രാഷ്ട്ര തലസ്ഥാനത്തുനിന്നുള്ള ഏക ട്രെയിനിന്റെ തുടക്കം തൊട്ടുള്ള സ്റ്റോപ്പാണ് മുന്നറിയിപ്പു കൂടാതെ റെയില്‍വേ പിന്‍വലിച്ചിരിക്കുന്നതെന്നും, ഇത് പഴയങ്ങാടി റെയില്‍വേ സ്റ്റേഷനെ തരംതാഴ്ത്താനുള്ള ബോധപൂര്‍വ്വമുള്ള നടപടിയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
വരുമാനത്തില്‍ പഴയങ്ങാടിക്കും തുലോം താഴെയുള്ള തൊട്ടടുത്ത റെയില്‍വേസ്റ്റേഷനായ കണ്ണപുരത്തിന് അര്‍ഹിക്കുന്നതിലേറെ ട്രെയിനുകള്‍ അനുവദിച്ചുകൊണ്ടിരിക്കുമ്പോഴാണ് നിലവിലുള്ള ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ത്തന്നെ പഴയങ്ങാടിയില്‍ വെട്ടിക്കുറക്കുന്നതെന്നും നിവേദനത്തിലൂടെ രാജ്‌മോഹന്‍ എം.പി.യുടെ ശ്രദ്ധയില്‍പെടുത്തി.
വിഷയത്തില്‍ സജീവമായി ഇടപെടാമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉറപ്പുനല്‍കി. യു.ഡി.എഫിന്റെ ഭാഗമായുള്ള ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ സംഘടനാപരിപാടികളില്‍ പങ്കെടുക്കാന്‍ മുഖ്യാതിഥിയായി എത്തിച്ചേര്‍ന്നതായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.