‘നെകല്‍’ പ്രദര്‍ശനം 29ന്

‘നെകല്‍’ പ്രദര്‍ശനം 29ന്

കോഴിക്കോട്: തനത് നെല്‍വിത്തുകളുടെ സംരക്ഷകന്‍ പത്മശ്രീ ചെറുവയല്‍ രാമന്റെ ജീവിതം ആസ്പദമാക്കി മാധ്യമ പ്രവര്‍ത്തകന്‍ എം.കെ രാമദാസ് തയ്യാറാക്കിയ ഡോക്യുമെന്ററി ചിത്രം ക്രൗണ്‍ തീയ്യറ്ററില്‍ 29ന് തിങ്കളാഴ്ച രാവിലെ 9.45 ന് പ്രദര്‍ശിപ്പിക്കും. ബാങ്ക്‌മെന്‍സ് ഫിലിം സൊസൈറ്റി, മലബാര്‍ മില്ലറ്റ് ക്ലബ്, കോഴിക്കോട് അലിയന്‍സ് ക്ലബ്ബ് , ദര്‍ശന സാംസ്‌കാരിക വേദി, ദേശീയ ബാലതരംഗം, ബീക്കണ്‍ കോഴിക്കോട്, ലയണ്‍സ് ക്ലബ് കോഴിക്കോട് ബീച്ച് എന്നിവ ചേര്‍ന്നാണ് ഡോക്യുമെന്ററി പ്രദര്‍ശനവും ചെറുവയല്‍ രാമന് സ്വീകരണവും ഒരുക്കുന്നത്. ‘നെകല്‍’ നെല്‍ മനുഷ്യന്റെ കഥ എന്ന പേരിലുള്ള ഡോക്യുമെന്ററി ഒരു സംഘം ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ ദീര്‍ഘകാലത്തെ യത്‌ന ഫലമാണ്.

നെല്ല് എന്ന ധാന്യത്തിന്റേയും രാമന്‍ ഉള്‍പ്പെടുന്ന ഗോത്രമായ കുറിച്യരുടേയും ചരിതം ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്. നെല്‍വിത്തിന്റെ ആയുസ് നിര്‍ണയിക്കുകയും അതിന്റെ ജീവന്‍ തലമുറകള്‍ക്കായി സൂക്ഷിക്കുകയും ചെയ്യുന്ന രാമന്റെ ജീവിതവും ദര്‍ശനവുമാണ് ഡോക്യുമെന്ററിയുടെ മുഖ്യ പ്രമേയം. രാമന്റെ വില മതിക്കാനാവാത്ത സംഭാവനകള്‍ ദൃശ്യവല്‍ക്കരിക്കുന്നതിന്ന് ദൃശ്യമാധ്യമ പ്രവര്‍ത്തകരായ മനോജ് പുതുപ്പാടി, വിജേഷ് കപ്പാറ, എച്ച്.റംഷാജ് തുടങ്ങിയവരും രാമദാസിനോടൊപ്പം പ്രവര്‍ത്തിച്ചു. 42 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ആദ്യ സൗജന്യ തീയ്യറ്റര്‍ പ്രദര്‍ശനമാണ് ക്രൗണിലേത്. ഡോക്യുമെന്ററിക്കുശേഷം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നഗരത്തിന്റെ ആദരം ചെറുവയല്‍ രാമന് സമര്‍പ്പിക്കും. തുടര്‍ന്ന് അദ്ദേഹവുമായുള്ള സംവാദവുമുണ്ട്. മലബാര്‍ മില്ലറ്റ് ക്ലബിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *