നാദാപുരം: ഗ്രാമപഞ്ചായത്ത് സമഗ്രവികസന പദ്ധതി ആസൂത്രണത്തിനും പൊതു ആസ്ഥി സംരക്ഷണത്തിനും ഭൂവിനിയോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നതിനും ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിന്റെ ഭാഗമായുളള ഡ്രോണ്‍ സര്‍വേക്ക് തുടക്കമായി. സമഗ്ര വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഏറെ ഫലപ്രദമായ ശാസ്ത്രീയ സംവിധാനമാണ് സ്‌പെഷ്യല്‍ ഡാറ്റാ കലക്ഷന്‍. ജി.ഐ.എസ് മാപ്പിംഗ് വഴിയുള്ള ഡാറ്റാ കലക്ഷന്‍ പൂര്‍ത്തിയാക്കുന്നതോടെ നാദാപുരം ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങള്‍, റോഡുകള്‍, തോടുകള്‍, കൃഷിഭൂമി, തരിശുഭൂമി, തുടങ്ങിയ എല്ലാ സ്ഥലപരമായ വിവരങ്ങളും ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നതാണ്.
പദ്ധതി ആസൂത്രണം, അടിസ്ഥാന സൗകര്യ വികസനം, പദ്ധതി നിര്‍വഹണം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയവക്കെല്ലാം പ്രസ്തുത വിവരങ്ങള്‍ ഉപകാരപ്രദമാകുന്നതാണ്. കൃത്യതയാര്‍ന്നതും ഉയര്‍ന്ന ഗുണനിലവാരമുള്ളതും ശാസ്ത്രീയവുമായാണ് ജി.ഐ.എസ് മാപ്പിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. കൂടാതെ പഞ്ചായത്തിലെ മുഴുവന്‍ കെട്ടിടങ്ങളുടെ വിവരശേഖരണവും നടത്തി ഓരോ കുടുംബത്തെ കുറിച്ചുള്ള വ്യക്തമായ ദിശാസൂചികകളും അടിസ്ഥാന വിവരങ്ങളും പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്.
ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സാങ്കേതിക വിഭാഗമായ യു.എല്‍.ടി.എസ് (ഊരാളുങ്കല്‍ ടെക്‌നോളജി സൊല്യൂഷന്‍ )ആണ് പദ്ധതി നിര്‍വഹണം നടത്തുന്നത്. 15 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതില്‍ നിന്ന് അംഗീകാരം ലഭിച്ചത്. പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണം നടത്തുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമായാണ് ഡ്രോണ്‍ സര്‍വേ ആരംഭിച്ചത്. രണ്ടാംഘട്ടത്തില്‍ വീടുകള്‍ കയറിയുള്ള വിവരശേഖരണങ്ങള്‍ നടത്തുന്നുന്നതാണ്.
ഡ്രോണ്‍ സര്‍വേ പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നാദാപുരം സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ വച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് പദ്ധതി വിശദികരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍ , എം.സി സുബൈര്‍ , ജനീത ഫിര്‍ദൗസ് , മെമ്പര്‍ അബ്ബാസ് കണയക്കല്‍, ഊരാളുങ്കല്‍ ടെക്‌നോളജി സൊല്യൂഷന്റെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സയ്യിദ് മംഗലശ്ശേരി , പ്രോജക്ട് മാനേജര്‍ കെ.വി അശ്വതി , ഫീല്‍ഡ് മാനേജര്‍ കെ.ദിനൂപ് സാരംഗ്, ഹാരിസ് മാത്തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. അടുത്ത ദിവസങ്ങളില്‍ മുഴുവന്‍ പ്രദേശങ്ങളിലും ഡ്രോണ്‍ സര്‍വേയിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നതാണ്.