ചരിത്രം കുറിച്ച് നാവികസേന; മിഗ്-29 കെ ഐ.എന്‍.എസ് വിക്രാന്തില്‍ രാത്രി ലാന്‍ഡിങ് നടത്തി

ചരിത്രം കുറിച്ച് നാവികസേന; മിഗ്-29 കെ ഐ.എന്‍.എസ് വിക്രാന്തില്‍ രാത്രി ലാന്‍ഡിങ് നടത്തി

മുംബൈ: ചരിത്രമെഴുതി ഇന്ത്യന്‍ നാവികസേന. മിഗ് 29 കെ യുദ്ധവിമാനം ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രാന്തില്‍ രാത്രി വിജയകരമായി പറന്നിറങ്ങി. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ രാത്രി ലാന്‍ഡിങ് പരീക്ഷണം വിജയമായതോടെ നിര്‍ണായക ഘട്ടമാണ് വിക്രാന്ത് പിന്നിട്ടത്. ചരിത്രപരമായ നാഴികക്കല്ല് എന്നാണ് വിമാനത്തിന്റെ രാത്രി ലാന്‍ഡിങ്ങിനെ നാവികസേന വിശേഷിപ്പിച്ചത്.

ആകാശവും സമുദ്രവും ഒരുപോലെ തോന്നിക്കുന്ന രാത്രികാലത്ത് വിമാനങ്ങള്‍ കപ്പലില്‍ ലാന്‍ഡിങ് നടത്തുന്നത് ബുദ്ധിമുട്ടേറിയതാണ്. ബുധനാഴ്ച രാത്രിയാണ് മിഗ് വിമാനം വിക്രാന്തിന്റെ ഫ്‌ളൈറ്റ് ഡക്കില്‍ വിജയകരമായി പറന്നിറങ്ങിയത്. വിക്രാന്ത് അറേബ്യന്‍ കടലിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു ലാന്‍ഡിങ്. വിക്രാന്തില്‍ രാത്രി ലാന്‍ഡിങ് വിജയകരമായത് നാവിക പൈലറ്റുമാരുടെയും വിക്രാന്തിലെ ജീവനക്കാരുടെയും കഴിവും മികവും തെളിയിച്ചതായി നേവി അഭിപ്രായപ്പെട്ടു.

ഫെബ്രുവരിയില്‍ മിഗ് 29 കെയും തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് ജെറ്റുകളുടെ നേവല്‍ വേരിയന്റിന്റെ പ്രോട്ടോടൈപ്പും വിക്രാന്തില്‍ പകല്‍ ലാന്‍ഡിങ് നടത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഐ.എന്‍.എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചത്. അതിനുശേഷം വിവിധ പരീക്ഷണങ്ങളിലൂടെ വിജയകരമായ രീതിയിലാണ് വിക്രാന്തിന്റെ മുന്നേറ്റം.

23,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഐ.എന്‍.എസ് വിക്രാന്തിന് അത്യാധുനിക വ്യോമ പ്രതിരോധ ശൃംഖലയും കപ്പല്‍ വേധ മിസൈല്‍ സംവിധാനവുമുണ്ട്. 30 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍ക്കൊള്ളാനുള്ള ശേഷിയും വിക്രാന്തിനുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *