എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കണം: യു.ടി.എം.കെ

എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കണം: യു.ടി.എം.കെ

കോഴിക്കോട്: ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ 1500ലേറെ അധ്യാപക-അനധ്യാപക എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് 2018 മുതല്‍ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൂട്ടായ്മയായ അണ്‍അപ്രൂവ്ഡ് ടീച്ചേഴ്‌സ് മൂവ്‌മെന്റ് കേരള (യു.ടി.എം.കെ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവുകളില്‍ നിര്‍ദേശിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം. നിത്യചെലവിനും വണ്ടിക്കൂലിക്കും ബന്ധുക്കളുടെ ചികിത്സയ്ക്ക് പോലും പ്രയാസപ്പെടുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ അവകാശാധികാരങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ കാണിക്കണം. വര്‍ഷങ്ങളായി നിയമനാംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ 15000ത്തോളം വരുന്ന എയ്ഡഡ് അധ്യാപക-അനധ്യാപക ജീവനക്കാര്‍ ശക്തമായ സമരത്തിലേക്കിറങ്ങേണ്ട അവസ്ഥയാണുള്ളത്.

ആദ്യഘട്ടമെന്ന നിലയില്‍ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തോട് അധ്യാപകര്‍ നേരിട്ടും ഫോണ്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുള്ള ‘ചോദ്യം ചോദിക്കല്‍ സമരം’ നടത്തും. കൂടാതെ പ്രവേശനോത്സവ ദിനത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം പ്രതിഷേധ ദിനമാചരിച്ച് മുഴുവന്‍ അധ്യാപകരും ഉപവാസമിരിക്കും. ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കോ നിയമനത്തിനോ അധ്യാപകസമൂഹം എതിരല്ല. സാമൂഹ്യനീതിയേയും ഭരണഘടന അവകാശങ്ങേളേയും മുന്‍നിര്‍ത്തി ഒഴിവ് തസ്തികകളില്‍ ഭിന്നശേഷി സംവരണം എത്രയും വേഗം നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയാറാകണം. സംവരണം നടപ്പിലാക്കുന്നത് ഇതിനോടകം നിയമിതരായ അധ്യാപകരെ പുറത്താക്കി കൊണ്ടാകരുതെന്നുള്ള സുപ്രീംകോടതി വിധിയുണ്ടെന്നവവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ യു.ടി.എം.കെ കണ്‍വീനര്‍ ഒ.പി ഹസീബ്, ലീഗല്‍ കോ-ഓര്‍ഡിനേറ്റര്‍ എം.അനുനാദ്, ജോ.കണ്‍വീനര്‍മാരായ എന്‍.പി സുജിത്ത്, എം.വിദ്യ, ട്രഷറര്‍ വി.വി രേഷ്മ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *