ഇന്ത്യയിലെ ആദ്യത്തെ എ.ഐ എനേബിള്‍ഡ് മെഡിക്കല്‍ ഡെസ്പാച് സിസ്റ്റം ആരംഭിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്

ഇന്ത്യയിലെ ആദ്യത്തെ എ.ഐ എനേബിള്‍ഡ് മെഡിക്കല്‍ ഡെസ്പാച് സിസ്റ്റം ആരംഭിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ ഡെസ്പാച് സിസ്റ്റം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസ് എന്ന മെഡിക്കല്‍ സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനത്തിന്റെ സഹായത്തോടെ ആണ് RRR എന്ന ചുരുക്കപ്പേരില്‍ അവതരിപ്പിക്കുന്ന ഈ അടിയന്തര വൈദ്യസഹായ രീതി (Response Rescue Resuscitation – The Comprehensive emergency chain of survival network) ലഭ്യമാക്കുന്നത്. 75 103 55 666 എന്ന നമ്പറില്‍ വിളിച്ചാല്‍ മെഡിക്കല്‍ ഡെസ്പാച് സിസ്റ്റം കോ ഓര്‍ഡിനേറ്ററെ ലഭ്യമാകും. ഇന്ത്യയില്‍തന്നെ ആദ്യമായാണ് വിവിധ ഘട്ടങ്ങളിലുള്ള വൈദ്യസഹായം ഈ രീതിയില്‍ ഏകോപിപ്പിക്കുന്നത്.

അടിയന്തര സഹായം തേടേണ്ടിവരുന്ന ഏത് സാഹചര്യത്തിലും ഉപയോഗിക്കത്തക്ക വിധത്തില്‍ ലഭ്യമാവുന്ന ചികിത്സകള്‍ 5ജി ഉപഗ്രഹ സാങ്കേതിക വിദ്യ, ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി എന്നിവയുടെ സഹായത്തോടെയാണ് ലഭ്യമാക്കുന്നത്. ലോക എമര്‍ജന്‍സി ദിനമായ മെയ് 27ന് ട്രയല്‍ റണ്‍ ആരംഭിക്കുന്ന മെഡിക്കല്‍ ഡെസ്പാച് സിസ്റ്റം ജൂലൈ 1 ന് ഡോക്ടര്‍സ് ദിനത്തില്‍ പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകും.

അത്യാഹിത സാഹചര്യങ്ങളില്‍ അടിയന്തിരമായി വൈദ്യസഹായം ലഭ്യമാക്കുക (ഓണ്‍സൈറ്റ് കെയര്‍), തൊട്ടടുത്തുള്ള മെഡിക്കല്‍ സംവിധാനങ്ങളില്‍ നിന്നും ചികിത്സ ലഭ്യമാക്കുക (പ്രൈമറി കെയര്‍) അത്യാധുനിക സംവിധാനങ്ങള്‍ ലഭ്യമാകുന്ന ഹോസ്പിറ്റലില്‍ സുരക്ഷിതമായി രോഗി എത്തുന്നത് വരെ വാഹനത്തില്‍ ചികിത്സ നല്‍കുക / ഏകീകരിക്കുക (ട്രാന്‍സ്പോര്‍ട്ട് കെയര്‍), ഹോസ്പിറ്റലില്‍ അടിയന്തിരമായി ലഭിക്കേണ്ട ചികിത്സ (ഡെസ്റ്റിനേഷന്‍ കെയര്‍) എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി വൈദ്യസഹായത്തിന്റെ വിവിധ തലങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തന രീതിയാണിത്.

അടിസ്ഥാന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാകുന്ന ചികിത്സ, പ്രൈമറി കെയര്‍ തലത്തിലെത്തുമ്പോള്‍ 5 ജി സാങ്കേതിക വിദ്യയുടെയും ടെലിമെഡിസിന്‍ സംവിധാനത്തിന്റെയും പിന്‍ബലത്തോടെ ചികിത്സയില്‍ കൂടുതല്‍ സഹായകരമാകും. അടുത്ത ഘട്ടമായ ട്രാന്‍സ്പോര്‍ട്ട് കെയര്‍ സംവിധാനം ഉപയോഗിക്കുന്നതിനായി 5ജി ഉപഗ്രഹസാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ആംബുലന്‍സ് സംവിധാനമാണ് ഉള്ളത്. ആംബുലസിനുള്ളില്‍ എബിജി, ഇസിജി, യുഎസ്ജി പരിശോധനകള്‍ ഉള്‍പ്പെടെ നടത്താന്‍ കഴിയുന്ന വെര്‍ച്വല്‍ എമര്‍ജന്‍സി റൂമാണ് ഒരുക്കിയിട്ടുള്ളത്. ഇതുപയോഗിച്ച് ആംബുലസില്‍ പ്രവേശിപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ രോഗിയുടെ പരിശോധനയും രോഗനിര്‍ണയവും നടത്താനാകും.

ഹോസ്പിറ്റലില്‍ അടിയന്തിരമായി ലഭിക്കുന്ന നൂതന ചികിത്സ, ഗോള്‍ഡന്‍ അവര്‍ എന്ന് വിശേഷിപ്പിക്കുന്ന ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ ലഭ്യമായാല്‍ ശാശ്വതമായ അംഗവൈകല്യങ്ങളിലേക്കു പോകാതെയും ഒരുപക്ഷെ മരണത്തില്‍ നിന്നുപോലും രക്ഷിച്ചെടുക്കുന്നതിനു സാധിക്കും. കോഴിക്കോടും സമീപ ജില്ലകളിലും ഏത് ആശുപത്രികളിലെയും കാഷ്വാലിറ്റി അല്ലെങ്കില്‍ എമര്‍ജന്‍സി വിഭാഗം നിയന്ത്രിക്കുന്ന ഡോക്ടര്‍ക്ക് ഈ ശൃംഖലയുടെ ഭാഗമാകുന്നതോടുകൂടി ഏത് ആവശ്യത്തോട് കൂടി തന്റെ മുമ്പില്‍ എത്തുന്ന രോഗിക്കും അടിയന്തര ജീവന്‍ രക്ഷാസഹായം നല്‍കുന്നതിന് സാധിക്കും. ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളേജ് പോലെയുള്ള ഉയര്‍ന്ന സെന്ററിലേക്ക് സുരക്ഷിതമായി എത്തുന്നത് വരെ രോഗി ആസ്റ്റര്‍ മിംസിലെ മെഡിക്കല്‍ ഡെസ്പാച്ച് സിസ്റ്റത്തിന്റെയും അതിന്റെ ചുമതലയുള്ള ഡോക്ടറുടെയും മേല്‍നോട്ടത്തില്‍ ആയിരിക്കും.

ആംബുലന്‍സിനകത്തുള്ള എല്ലാ ബയോമെഡിക്കല്‍ ഉപകരണങ്ങളും വൈഫൈ വഴി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതാണ്. ഇവ ഉടന്‍ തന്നെ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറുകയും രോഗി ആശുപത്രിയില്‍ എത്തുന്നത് വരെ വിദഗ്ധ ഡോക്ടര്‍മാര്‍ അവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ആംബുലന്‍സിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. സ്മാര്‍ട്ട് കണ്ണടകള്‍ ഉപയോഗിച്ച് തത്സമയം ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടുകയുമാവാം. അടിയന്തര സഹായത്തിനുള്ള വാഹനത്തിന് അഭ്യര്‍ത്ഥിച്ച ശേഷം പ്രഥമശുശ്രൂഷ ആവശ്യമുള്ള രോഗിയെ ശുശ്രൂഷിക്കുന്ന ആള്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമില്ലാത്ത ആള്‍ ആണെങ്കില്‍ പോലും ഈ നമ്പറില്‍ ബന്ധപ്പെടുന്നത് മുതല്‍ രോഗി സുരക്ഷിതനായി ഉയര്‍ന്ന സെന്ററില്‍ എത്തുന്നത് വരെയുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിന് ഈ സിസ്റ്റം സഹായിക്കും.

പ്രസ് മീറ്റില്‍ ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടര്‍ ഡോ. വേണുഗോപാലന്‍ പി പി, ആസ്റ്റര്‍ മിംസ് ഡെപ്യൂട്ടി സി എം എസ് ഡോ നൗഫല്‍ ബഷീര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലുക്മാന്‍ പി, അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസ് സി.ഇ.ഒ ഡോ. നദീം ഷാ ഹംസത്, എ.ഐ എനേബിള്‍ഡ് മെഡിക്കല്‍ ഡെസ്പാച് സിസ്റ്റം കോ-ഓര്‍ഡിനേറ്റഴ്സ് ഡോ. ഹസ്ന സുബൈര്‍, ഡോ. ഷാഫിന്‍ ഫര്‍ഹാന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *