ഫ്‌ളോറിഡ: 2024ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണോള്‍ഡ് ട്രംപിന് വെല്ലുവിളിയായി റോണ്‍ ഡിസാന്റിസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള പോരാട്ടത്തിന് ഫ്‌ളോറിഡ ഗവര്‍ണര്‍ കൂടിയായ റോണ്‍ ഡിസാന്റിസ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഇതിനായി പ്രചാരണം ആരംഭിച്ചു. ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌കുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിലൂടെയാണ് ഡിസാന്റിസ് തന്റെ സ്ഥാനാര്‍ത്വിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 44 കാരനായ റോണ്‍ ഡി സാന്റിസ് ഇത് രണ്ടാം തവണയാണ് ഫ്‌ലോറിഡയില്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കടുത്ത വെല്ലുവിളിയാകും റോണ്‍ ഡിസാന്റിസ്.
ഡിസാന്റിസ് തന്റെ സ്ഥാനാര്‍ത്ഥിത്വം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്. ഇതോടെ ട്വിറ്റര്‍ പ്രവര്‍ത്തനം തകരാറലായി. നിശ്ചയിച്ചതിലും 25 മിനിറ്റ് വൈകിയാണ് ട്വിറ്റര്‍ സ്പേസില്‍ സെഷന്‍ തുടങ്ങിയത്. രണ്ടര ലക്ഷത്തോളം ശ്രോതാക്കള്‍ നിമിഷം നേരം കൊണ്ട് എത്തി. അതോടെ ട്വിറ്റര്‍ പ്രവര്‍ത്തനം അവതാളത്തിലായി. ഫെയ്ലര്‍ ടു ലോഞ്ച്, ക്രാഷ്ഡ് ഡിസാസ്റ്റര്‍ തുടങ്ങിയ ഹാഷ് ടാഗുകളാണ് ചാറ്റ് ഷോ സമയത്ത് അമേരിക്കയില്‍ ട്രെന്‍ഡിങ് ആയത്. എല്ലാ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്കും ട്വിറ്ററിലേക്ക് സ്വാഗതമെന്നാണ് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം.
അമേരിക്കന്‍ നാവികസേനയില്‍ നിയമ ഉദ്യോഗസ്ഥനായാണ് ഇറ്റലിയില്‍ വേരുകളുള്ള ഡിസാന്റിസ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 2012 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 2018ല്‍ നേരിയ ഭൂരിപക്ഷത്തിന് ഫ്‌ളോറിഡയില്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. 2022 ലെ തിരഞ്ഞെടുപ്പില്‍ , മിക്ക റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളും പതറിയപ്പോഴും വലിയ ഭൂരിപക്ഷത്തിന് വിജയിക്കാന്‍ ആയത് ഡിസാന്റിസിന്റെ ജനപിന്തുണയുടെ തെളിവാണ്.
മുന്‍ യു.എന്‍ അംബാസിഡര്‍ നിക്കിഹാലെ, സൗത്ത്കരോലിന സെനറ്റര്‍ ടിം സ്‌കോട്ട്, അര്‍ക്കാനസ് മുന്‍ ഗവര്‍ണര്‍ അസ ഹട്ച്ചിന്‍സണ്‍, ബിസിനസുകാരനായ വിവേക് രാമസ്വാമി എന്നിവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തിലുള്ളത്. മുന്‍ വൈസ് പ്രസിഡന്റ് മൈക് പെനസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും പോരാട്ടത്തിലുണ്ടാകുമെന്നാണ് സൂചന.