ഹയര്‍സെക്കന്ററി പരീക്ഷയില്‍ 1200ല്‍/1195 മാര്‍ക്കോടെ എല്ലാ വിഷയത്തിലും ഫുള്‍ A+ നേടി മികച്ച വിജയവുമായി മയ്യഴിയുടെ പ്രിയ ഗായിക കൃഷ്‌ണേന്ദു എസ്. നമ്പ്യാര്‍. ഗ്രേസ് മാര്‍ക്കുകളൊന്നുമില്ലാതെയാണ് കൃഷ്‌ണേന്ദു ഈ നേട്ടം കൈവരിച്ചത്. പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയിരുന്നു.
വര്‍ഷങ്ങളായി മയ്യഴിയുടെ വിവിധകലാവേദികളില്‍ നിറസാന്നിധ്യമായിരുന്ന കൃഷ്‌ണേന്ദു ഈ മിന്നുംവിജയത്തിലൂടെ അക്കാദമിക തലത്തിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഒന്നാം ക്ലാസ് മുതല്‍ മാഹി ബാലകലാമേള, തിലക് കലാമേള, മയ്യഴിമേളം തുടങ്ങിയ മയ്യഴിയുടെ വിവിധ കലോല്‍സവങ്ങളില്‍ കലാതിലക പട്ടം നേടിയിട്ടുള്ള കൃഷ്‌ണേന്ദു 2014 ലെ കേരളസംസ്ഥാന സി.ബി.എസ്.ഇ കലോല്‍സവ വിജയിയും 2018ലെ പുതുച്ചേരി സംസ്ഥാന ബെസ്റ്റ് ചൈല്‍സ് അവാര്‍ഡ് ജേതാവും കൂടിയാണ്.
കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം നടത്തിയ കലാ ഉല്‍സവില്‍ ശാസ്ത്രീയ സംഗീതത്തില്‍ 2020ലെ പുതുച്ചേരി സംസ്ഥാനതല വിജയിയും ദേശീയതല മല്‍സരാര്‍ത്ഥിയും ആയിരുന്നു. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി പ്രകാശനം ചെയ്ത ‘കൃഷ്ണാര്‍ഘ്യം’ എന്ന ആല്‍ബമുള്‍പ്പെടെ നിരവധി സംഗീത ആല്‍ബങ്ങളില്‍ പാടി അഭിനയിച്ചിട്ടുള്ള കൃഷ്‌ണേന്ദു ഏഷ്യാനെറ്റിന്റെ സകലകലാവല്ലഭന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. പ്രശസ്ത സംഗീതജ്ഞനായ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മാസ്റ്റര്‍ ഈയിടെ വടകരയില്‍ നടന്ന ജപ മ്യൂസിക്കിന്റെ സംഗീതോല്‍സവ വേദിയില്‍ കൃഷ്‌ണേന്ദുവിന്റെ സംഗീത മാധുരിയെക്കുറിച്ച് പ്രകീര്‍ത്തിക്കുകയുണ്ടായി. മാഹി എക്‌സല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കൃഷ്‌ണേന്ദു പള്ളൂര്‍ ശ്രീകൃഷ്ണയിലെ ചിരുകണ്ടോത്ത് സുനില്‍കുമാറിന്റേയും പ്രസീജ എറുവാട്ടിന്റെയും ഏക മകളാണ്. മികച്ച ഒരു കലാകാരി എന്നതോടൊപ്പം നല്ലൊരു ഡോക്ടറും കൂടി ആകുക എന്ന തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് വേണ്ടി നീറ്റ് പരീക്ഷാഫലം കാത്തിരിക്കുന്ന കൃഷ്‌ണേന്ദുവിന് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ C C മെയിനില്‍ 92% മാര്‍ക്ക് ലഭിച്ചിരുന്നു.