ലഖ്‌നൗ കടന്ന് മുംബൈ

ലഖ്‌നൗ കടന്ന് മുംബൈ

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 81 റണ്‍സിന് പരാജയപ്പെടുത്തി ക്വാളിഫയറിലേക്ക് കടന്ന് മുംബൈ ഇന്ത്യന്‍സ്. ആകാശ് മധ്‌വാളിന് അഞ്ച് വിക്കറ്റ്.

ചെെൈന്ന: ഭാഗ്യംകൊണ്ട് മാത്രം പ്ലേ ഓഫിലെത്തിയ ടീമല്ലായെന്ന് അടിവരയിട്ടു കൊണ്ടുള്ള പ്രകടനമായിരുന്നു കഴിഞ്ഞ ദിവസം ചെപ്പോക്കില്‍ മുംബൈ ഇന്ത്യന്‍സ് കാഴ്ചവച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും സര്‍വാധ്യപത്യം പുലര്‍ത്തിയ മുംബൈ നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗവിനെ നിഷ്പ്രയാസം കീഴടക്കി. 29കാകരനായ ആകാശ് മധ്‌വാളിന്റെ പ്രകടനമാണ് മുംബൈയെ അനായാസം ജയിച്ചു കയറാന്‍ സാധിച്ചത്. 3.3 ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുക്കൊടുത്ത് അഞ്ച് വിക്കറ്റുകളാണ് ഈ യുവതാരം നേടിയത്. എറിഞ്ഞ 21 പന്തുകളില്‍ 17ഉം ഡോട്ട്‌ബോളുകളായിരുന്നു.

ചെപ്പോക്കില്‍ ടോസിന്റെ ഭാഗ്യം രോഹിത്തിനായിരുന്നു. ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് 15 റണ്‍സെടുത്ത ഇഷാന്‍ കിഷനേും 11 റണ്‍സെടുത്ത രോഹിത്തിനേയും പെട്ടെന്ന് നഷ്ടപ്പെട്ടുവെങ്കിലും മൂന്നാം വിക്കറ്റില്‍ കാമറൂണ്‍ഗ്രീനും സൂര്യകുമാര്‍ യാദവും 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 33 റണ്‍സെടുത്ത സൂര്യയേയും 41 റണ്‍സെടുത്ത ഗ്രീനിനേയും ഒരേ ഓവറില്‍ നവീന്‍ ഉള്‍ഹഖ് പുറത്താക്കിയെങ്കിലും 26 റണ്‍സുമായി തിലക് വര്‍മയും ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ നെഹല്‍ വധീര (23)യും മുംബൈയെ മികച്ച ടോട്ടലിലെത്തിച്ചു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് മുംബൈ നേടിയത്. ലഖ്‌നൗവിനു വേണ്ടി നവീന്‍ ഉള്‍ഹഖ് നാലും യാഷ് ഠാക്കൂര്‍ മൂന്നും വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങില്‍ 16.3 ഓവറില്‍ 101 റണ്‍സെടുക്കുന്നതിനിടെ ലഖ്‌നൗ ഓള്‍ ഔട്ടായി.രണ്ടാം ഓവറില്‍ തന്നെ പ്രേരക് മങ്കാഡിനെ ഷോക്കീന്റെ കൈകളിലെത്തിച്ച് മധ്‌വാള്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. 18 റണ്‍സെടുത്ത ഓപ്പണിങ് ബാറ്റ്‌സമാന്‍ കൈല്‍ മേയേഴ്‌സിനെ ക്രിസ് ജോര്‍ദാനും പുറത്താക്കി.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യയും സ്റ്റോയിനിസും 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ലഖ്‌നൗവിന് പ്രതീക്ഷ നല്‍കി. എന്നാല്‍ എട്ട് റണ്‍സെടുത്ത ക്രുനാലിനെ പീയുഷ് ചൗള ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചു. ആയുഷ് ബഡോനിയേയും വെടിക്കെട്ട് വീരന്‍ നിക്കോളസ് പൂരനേയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി മധ്‌വാള്‍ ലഖ്‌നൗവിനെ സമ്മര്‍ദത്തിലാക്കി.

തുടര്‍ന്നാണ് കളിയിലെ ഏറ്റവും വലിയ ട്വിസ്റ്റ് സംഭവിക്കുന്നത്. ഏഴാമാനായി ക്രസീലെത്തിയ ദീപക് ഹൂഡ കാരണം മൂന്ന് റണ്ണൗട്ട് വിക്കറ്റുകളാണ് മുംബൈയുടെ അക്കൗണ്ടിലേക്കെത്തിയത്. കാമറൂണ്‍ ഗ്രീനെറിഞ്ഞ 12ാം ഓവറിലെ അഞ്ചാം പന്തില്‍ രണ്ടാം റണ്ണിനായി ഒടുന്നതിനിടെ ഹൂഡയുമായ കൂട്ടിമുട്ടിയ സ്റ്റോയിനിസിന് ക്രീസിലേക്കെത്താനായില്ല. ടിം ഡേവിഡിന്റെ ത്രോ റണ്ണൗട്ടിലേക്ക് വഴിതിരിച്ച് വിട്ട ഇഷാന്‍ കിഷന്‍ മുംബൈക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. 27 പന്തില്‍ 40 റണ്‍സുമായി സ്റ്റോയിനിസ് മടങ്ങുമ്പോള്‍ ലഖ്‌നൗ സ്‌കോര്‍ ആറിന് 89 മാത്രം ആയിരുന്നു. തുടര്‍ന്നെത്തിയ കൃഷ്ണപ്പ ഗൗതത്തിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.

പീയുഷ് ചൗളയെറിഞ്ഞ 13ാം ഓവറിലെ മൂന്നാം പന്ത് ഗൗതം പേയിന്റിലേക്ക് കട്ട് ചെയതു. ഇത്തവണ ഗ്രീനിന് അത് കൈക്കുള്ളിലേക്കാക്കാന്‍ സാധിക്കുന്നില്ല. ഗൗതം റണ്ണിന് വേണ്ടി ഓടിയെങ്കിലും ഹൂഡ വേണ്ടെന്നു പറഞ്ഞു. ഇതിനിടെ ബോള്‍ കൈക്കലാക്കിയ രോഹിത് ശര്‍മ ഡയരക്ട് ത്രോയിലൂടെ രണ്ട് റണ്‍സെടുത്ത ഗൗതമിനെ പുറത്താക്കി. ഒമ്പതാമനായി ക്രീസിലെത്തിയ രവി ബിഷ്‌ണോയിയെ ആകാശ് മധ്‌വാള്‍ ക്രിസ് ജോര്‍ദാന്റെ കൈകളിലെത്തിച്ചു. പത്താമനായി ക്രീസിലെത്തിയത് നവീന്‍ ഉള്‍ഹഖ് ആയിരുന്നു.

14ാം ഓവറിലെ അഞ്ചാം പന്ത് ബാക്ക്‌വാര്‍ഡ് പോയിന്റേലേക്ക് നവീന്‍ കളിച്ചെങ്കിലും കാമറൂണ്‍ ഗ്രീന്‍ അതിമനോഹരമായ ഡൈവിലൂടെ പന്ത് കൈകളിലാക്കി. ഇതിനിടെ അനാവശ്യ റണ്ണിന് വേണ്ടി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നും സട്രൈക്കര്‍ എന്‍ഡിലേക്ക് ഹൂഡ ഓടിയടുത്തു. എന്നാല്‍ നവീന്‍ ക്രീസില്‍ തന്നെ തുടര്‍ന്നു. ഗ്രീന്‍ പന്ത് മധ്‌വാളിന് നല്‍കി. മധ്‌വാള്‍ നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ രോഹിത്തിന് ത്രോ നല്‍കുകയും ഹൂഡ(15)യെ പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ചടങ്ങ് തീര്‍ക്കല്‍ മാത്രമായിരുന്നു കളി. 16ാം ഓവറിലെ മൂന്നാം പന്തിലെ ലോ ഫുള്‍ടോസിലൂടെ മൊഹ്‌സിന്‍ ഖാനെ ക്ലീന്‍ ബൗള്‍ഡാക്കി മധ്‌വാള്‍ മുംബൈക്ക് മിന്നും ജയവും മത്സരത്തിലെ അഞ്ചാം വിക്കറ്റ് നേട്ടവും ആഘോഷിച്ചു. മധ്‌വാളാണ് കളിയിലെ താരം. നാളെ ഗുജറത്തിനെതിരേയാണ് മുംബൈയുടെ ക്വാളിഫയര്‍ മത്സരം. ജയിച്ചാല്‍ മുംബൈ- ചെന്നൈ എല്‍ക്ലാസിക്കോ ഫൈനല്‍ പോരാട്ടത്തിനാകും അഹമ്മദാബാദ് സാക്ഷ്യം വഹിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *