രാഷ്ട്രപതി ദ്രൗപതി മുര്‍മു തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യണം; സുപ്രീം കോടതിയില്‍ ഹര്‍ജി

രാഷ്ട്രപതി ദ്രൗപതി മുര്‍മു തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ സി.ആര്‍ ജയ സുകിന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.

ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയും മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന് ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ ക്ഷണവും ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ‘രാഷ്ട്രപതിയാണ് ഇന്ത്യയുടെ പ്രഥമ പൗരനും പാര്‍ലമെന്റിന്റെ തലവനും. രാജ്യത്തെ സംബന്ധിച്ച എല്ലാ സുപ്രധാന തീരുമാനങ്ങളും ഇന്ത്യന്‍ പ്രസിഡന്റിന്റെ നാമത്തിലാണ് സ്വീകരിക്കുന്നത്’ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രപതി പാര്‍ലമെന്റിന്റെ അവിഭാജ്യ ഘടകമാണെന്നും അതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 79 ഉദ്ധരിച്ചുകൊണ്ട് ഹര്‍ജിയില്‍ വാദിക്കുന്നു. ഇത് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്ത് നിന്നുണ്ടായ അപക്വമായ നടപടിയാണെന്നും പറയുന്നുണ്ട്.
രാഷ്ട്രപതിയും രാജ്യസഭയും ലോക്‌സഭയും അടങ്ങുന്ന പാര്‍ലമെന്റിനാണ് ഇന്ത്യയിലെ പരമോന്നത നിയമനിര്‍മ്മാണ അധികാരം. പാര്‍ലമെന്റ് വിളിച്ചുചേര്‍ത്ത് നിര്‍ത്തിവെക്കാനോ ലോക്സഭ പിരിച്ചുവിടാനോ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *