മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം. സംഘര്‍ഷത്തില്‍ പിഡബ്ല്യുഡി മന്ത്രി ഗോവിന്ദാസ് കോന്തൗജത്തിന്റെ വീട് തകര്‍ത്തു. ബിഷ്ണുപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വീടിന് നേര്‍ക്കാണ് ആക്രമം ഉണ്ടായത്.ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു.
പ്രദേശവാസികളെ മറ്റ് സമുദായത്തില്‍പ്പെട്ട തീവ്രവാദികളില്‍ നിന്ന് സംരക്ഷിക്കാന്‍ വേണ്ടത്ര ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഒരു വിഭാഗം മന്ത്രിയുടെ വീടിന് നേര്‍ക്ക് തിരിഞ്ഞത്. അക്രമ സമയത്ത് മന്ത്രിയും കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം വീട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗേറ്റിന്റെ ഒരു ഭാഗം, ജനലുകള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കപ്പെട്ടു.
ഒരിടവേളയ്ക്ക് ശേഷം ആണ് മണിപ്പൂരില്‍ മെയ്തെയ് കുകി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നത്. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്രാങ് മേഖലയിലാണ് സംഘര്‍ഷം ആരംഭിച്ചത്.സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ രാവിലെ 5 മുതല്‍ വൈകീട്ട് 4 വരെ അനുവദിച്ച കര്‍ഫ്യൂ ഇളവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. മണിപ്പൂരിലെ എട്ട് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം സര്‍ക്കാര്‍ നീട്ടിയേക്കും.