തിരുവനന്തപുരം: കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള നാലാം ദിവസത്തിലേക്ക് കടന്നപ്പോള്‍ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി മാറുന്നു. കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന, ഗുജറാത്തില്‍ അമുല്‍ വിജയകരമായി നടപ്പിലാക്കിയ ചാണകത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ മാതൃകയും സെല്‍ഫി പോയിന്റും കാണികളുടെ മനം കവരും. മേള നാലാം ദിവസത്തിലേക്ക് കടന്നപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് സ്റ്റാള്‍ സന്ദര്‍ശിക്കാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എത്തി.
വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ താരങ്ങളായി അലങ്കാരപക്ഷി മൃഗാദികള്‍ മാറിക്കഴിഞ്ഞു. മെക്‌സിക്കന്‍ സ്വദേശി ഇഗ്വാനയാണ് കുട്ടികളുടെ ഇഷ്ടതാരം. ഒന്ന് ഞൊടിച്ചാല്‍ വലിപ്പചെറുപ്പമില്ലാതെ കൂടെകൂടുന്ന കുഞ്ഞന്‍ എലി വര്‍ഗ്ഗത്തില്‍ പെട്ട ഹെഡ്‌ജോഗ്, ഫാന്‍സി എലികള്‍, ഷോര്‍ട് ഹെയര്‍ ഹാംസ്റ്റര്‍, ഗിര്‍ബല്‍, അണ്ണാന്‍ വര്‍ഗ്ഗത്തില്‍ പെട്ട ഷുഗര്‍ ഗ്ലൈഡറുകളെ കാണാനും ഏറെ പേര്‍ എത്തുന്നുണ്ട്. എല്ലാ ദിവസവും വകുപ്പുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും വിജയികള്‍ക്കുള്ള സമ്മാനങ്ങളും മേളയുടെ ഭാഗമായി നല്‍കുന്നുണ്ട്.