തിരുവനന്തപുരം: എഐ ക്യാമറയുടെ വില എത്രയെന്ന ചോദ്യത്തിന് വെളിപ്പെടുത്താനാകില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടി വെക്കുന്നതിനാണെന്ന് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന് യോജിക്കാത്തതും അസംബന്ധവുമായ പ്രതികരണമാണിതെന്നും കെല്‍ട്രോണിന്റെ വിശ്വാസ്യത തന്നെ പൂര്‍ണമായും നഷ്ടപ്പെടുത്തുന്ന മറുപടിയാണിതെന്നും ചെന്നിത്തല ആരോപിച്ചു.
ക്യാമറയുടെ വില വെളിപ്പെടുത്തിയാല്‍ ആരുടെ ട്രേഡ് സീക്രട്ടാണ് നഷ്ടപ്പെടുന്നത്. ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്ന കെല്‍ട്രോണിന്റെയും സര്‍ക്കാരിന്റെയും മുഖമാണിവിടെ വികൃതമായിരിക്കുന്നത്. കെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തി പറഞ്ഞത് ഒരു ക്യാമറയുടെ വില ഒമ്പത് ലക്ഷമെന്നാണ്. ഒരു ലക്ഷം പോലും വിലവരാത്ത ക്യാമറയാണെന്ന് മാലോകര്‍ക്കെല്ലാം മനസ്സിലായിട്ടും കെല്‍ട്രോണ്‍ ഇപ്പോഴും കള്ളക്കളി തുടരുകയാണ്. ആദ്യം ഒരുതവണ താന്‍ ഉന്നയിച്ച ആരോപണം ചോദ്യം ചെയ്ത നാരായണമൂര്‍ത്തി രേഖകള്‍ സഹിതം മറുപടി നല്‍കിയിട്ട് പിന്നീടിതു വരെ വായ തുറന്നിട്ടില്ല. ഇനിയും ഈ തീവെട്ടി കൊള്ളക്ക് കൂട്ട് നില്‍ക്കുകയാണെങ്കില്‍ ശിവശങ്കറിന്റെ ഗതി തന്നെയാകും അദ്ദേഹത്തിനും വരികയെന്നും ചെന്നിത്തല പറഞ്ഞു.