ഇന്ത്യയിലെ ഏക ചൈനീസ് പത്രം ‘സിയോങ് പോ’ പ്രസിദ്ധീകരണം നിര്‍ത്തി

ഇന്ത്യയിലെ ഏക ചൈനീസ് പത്രം ‘സിയോങ് പോ’ പ്രസിദ്ധീകരണം നിര്‍ത്തി

കൊല്‍ക്കത്ത: അഞ്ച് പതിറ്റാണ്ടോളം കൊല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യയിലെ ഏക ചൈനീസ് പത്രമായ ‘സിയോങ് പോ’ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പത്രത്തിന്റെ എഡിറ്ററായിരുന്ന കുവോ സായ് ചാങിന്റെ മരണമാണ് വീണ്ടും പ്രസിദ്ധീകരണം നടത്താനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയായത്. 30 വര്‍ഷമായി പത്രത്തിന്റെ എഡിറ്റര്‍ കുവോ സായ് ചാങ് ആയിരുന്നു. 2020 ജൂലൈയില്‍ കുവോ മരിച്ചു. ചാങിന്റെ മരണമാണ് വീണ്ടും പ്രസിദ്ധീകരണം നടത്താനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയായത്.

മാന്‍ഡറിന്‍ ഭാഷയിലുള്ള സിയോങ് പോയുടെ (ഓവര്‍സീസ് ചൈനീസ് കൊമേഴ്സ് ഓഫ് ഇന്ത്യ) അച്ചടി ആരംഭിക്കുന്നത് 1969 ലായിരുന്നു. ലീ യുന്‍ ചിന്‍ ആണ് സ്ഥാപകന്‍. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെ കൊല്‍ക്കത്ത ആസ്ഥാനമായി പത്രം പ്രസിദ്ധീകരണം നടത്തി വരുകയായിരുന്നു. 2020 മാര്‍ച്ച് വരെ പ്രസിദ്ധീകരണം നടത്തിയ പത്രത്തിന് തിരിച്ചടിയായത് കോവിഡാണ്.
കോവിഡ് ലോക്ഡൗണ്‍ സമയത്ത് പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുമ്പോള്‍ 200 ഓളം കോപ്പികള്‍ മാത്രമായിരുന്നു പത്രം അച്ചടിച്ചിരുന്നത്. നാല് പേജുള്ള പത്രത്തില്‍ വാര്‍ത്ത കണ്ടെത്തുക എന്നത് ശ്രമകരമായായിരുന്നു. റിപ്പോര്‍ട്ടര്‍മാരുടെ ദൗര്‍ലഭ്യം കാരണം ചൈന, തായ്വാന്‍, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു വാര്‍ത്ത തയ്യാറാക്കിയത്. കൊല്‍ക്കത്തയില്‍ നിന്നുള്ള പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ വരുന്ന വാര്‍ത്ത പരിഭാഷപ്പെടുത്തിയായിരുന്നു പ്രസിദ്ധീകരണം.
ബിസിനസ് സംബന്ധമായ വാര്‍ത്തകളിലായിരുന്നു പ്രധാനമായും പത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ കാലങ്ങളില്‍ കൈപ്പടയിലായിരുന്നു വാര്‍ത്തകള്‍ എഴുതിയിരുന്നത്. പിന്നീട് ചൈനീസ് ഡിടിപി മെഷീനുകള്‍ ഉപയോഗിച്ച് പത്രം അച്ചടിക്കാന്‍ തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ ചൈനീസ് പത്രമായ ദി ചൈനീസ് ജേണല്‍ ഓഫ് ഇന്ത്യ ആരംഭിച്ച് 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിയോങ് പോ പ്രസിദ്ധീകരണം തുടങ്ങിയത്.

മാന്‍ഡറിന്‍ ഭാഷ പ്രാവീണ്യമുള്ള ആളുകളെ ലഭിക്കാത്തതാണ് അച്ചടി നിര്‍ത്താന്‍ കാരണമെന്ന് ചൈനീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ചെന്‍ യാവോ ഹുവ പറഞ്ഞു. ഓഫിസ് സ്ഥിതി ചെയ്യുന്ന ടാന്‍ഗ്രയില്‍ ചൈനീസ് ജനസംഖ്യ കുറഞ്ഞു വരുന്നതായും അദ്ദേഹം പറഞ്ഞു. പത്രം നിര്‍ത്തുന്നത് ഇവിടെയുള്ള ചൈനീസ് സമൂഹത്തിന് വലിയ നഷ്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *