7 ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ 30% കൂട്ടി, മൂന്ന് ജില്ലകളില്‍ എയ്ഡഡ് വിഭാഗത്തില്‍ 20 സീറ്റുകള്‍ വര്‍ധിപ്പിച്ചു

7 ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ 30% കൂട്ടി, മൂന്ന് ജില്ലകളില്‍ എയ്ഡഡ് വിഭാഗത്തില്‍ 20 സീറ്റുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്ലസ് വണ്‍ സീറ്റുകള്‍ ഇത്തവണയും കൂട്ടി. മുന്‍ വര്‍ഷത്തേതിന് സമാനമായ രീതിയില്‍ 7 ജില്ലകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30% സീറ്റുകള്‍ വര്‍ധിപ്പിച്ചു. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ ആണ് 30% കൂട്ടിയത്.2022-23 ല്‍ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി. ഈ അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 5 മുതല്‍ ആരംഭിക്കും.

2022-23 അധ്യയനവര്‍ഷം നിലനിര്‍ത്തിയ 18 സയന്‍സ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്‌സ് ബാച്ചുകളും തുടരും. താല്‍ക്കാലികമായി അനുവദിച്ച 2 സയന്‍സ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ബാച്ചുകളും കണ്ണൂര്‍ കെ.കെ.എന്‍ പരിയാരം സ്മാരക സ്‌കൂളില്‍ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്‌സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും.

സീറ്റ് പ്രശ്‌നം രൂക്ഷമായ മലബാറില്‍ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകള്‍ 195050 മാത്രമാണ്. യോഗ്യത നേടിയവര്‍ക്കെല്ലാം തുടര്‍ന്ന് പഠിക്കണമെങ്കില്‍ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാലത് പിന്നെയും കൂടും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *