‘സുസ്ഥിര ക്ഷീരോല്പാദനം’ എന്ന ലക്ഷ്യം കൈവരിക്കാന്‍ പശുക്കളിലെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ പ്രയോഗത്തില്‍ വരുത്താനുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സര്‍ക്കാരിന് വേണ്ടി തിരുവനന്തപുരം ആനയറ സമിതിയില്‍ മൃഗസംരക്ഷണ വകുപ്പ്, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോര്‍ഡ്, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി, ഡയറി ഡെവലപ്പ്മെന്റ് ഡിപാര്‍ട്ട്മെന്റ്, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്, കേരള ഫീഡ്സ് എന്നിവര്‍ ഒന്നിച്ച ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പാലുല്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കാന്‍ കുതിക്കുന്ന ഈ ഘട്ടത്തില്‍ സുസ്ഥിരമായ ക്ഷീരോല്പാദനം കൈവരിക്കുന്നതിന് കാലാനുസൃതമായി എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി അവ നടപ്പിലാക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും മന്ത്രി ജെ. ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.
പശുക്കളുടെ എണ്ണമല്ല ഉല്പാദനക്ഷമത കൂട്ടുകയാണ് വേണ്ടത്. കേരളത്തിലെ പശുക്കളുടെ ജനിതകപരമായുള്ള പാലുല്‍പ്പാദന ക്ഷമത പൂര്‍ണമായി പ്രയോഗത്തില്‍ വരുത്താന്‍ നമ്മുടെ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. ഇതിന്റെ പ്രധാന കാരണങ്ങള്‍ കണ്ടെത്തുകയും ഒപ്പം പ്രത്യുല്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് മുന്നിലുള്ള തടസ്സങ്ങളായ ഉയര്‍ന്ന തീറ്റ, പരിപാലനച്ചെലവ്, രോഗങ്ങള്‍ എന്നീ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും കൂടിയാണ് കെ.എല്‍.ഡി.ബിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ശില്‍പ്പശാല സംഘടിപ്പിച്ചത്. ആജീവനാന്ത ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആരോഗ്യ സംരക്ഷണം, പ്രത്യുല്പാദന മാനേജ്മെന്റ്, ബ്രീഡിംഗ് മാനേജ്മെന്റ്, തീറ്റ ഉള്‍പ്പെടെയുള്ള കന്നുകാലി പരിപാലന തന്ത്രങ്ങള്‍, ചെലവ് കുറഞ്ഞ സമ്പൂര്‍ണ്ണ പോഷകാഹാര രൂപവല്‍ക്കരണം, ക്ഷീര സഹകരണ മേഖലയുടെ പരിപോഷണം, ഉല്പാദനച്ചെലവ് കുറയ്ക്കല്‍, മൂല്യവര്‍ദ്ധന, ലാഭകരമായ ക്ഷീരോല്പാദന വിപണന തന്ത്രങ്ങള്‍ എന്നീ കാര്യങ്ങള്‍ ആണ് ശില്‍പ്പശാലയില്‍ ഉരുത്തിരിഞ്ഞു വന്നത്. ശില്‍പ്പശാലയില്‍ നിന്നും സംഗ്രഹിച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ മേല്‍ നടപടികള്‍ക്കായി സമര്‍പ്പിക്കും.
നെതര്‍ലാന്‍ഡ് സ്വദേശിയും ക്ഷീരരംഗ വിദഗ്ധനുമായ ഡോ. ജാന്‍ മാസ്കെന്‍സും ശില്പശാലയില് പങ്കെടുക്കാനെത്തി. അദ്ദേഹത്തിന്റെ പ്രയോഗികാനുഭവങ്ങള്‍ വിവരിച്ചു. കെ.എല്‍.ഡി ബോര്‍ഡിന്റെ ജീനോമിക് ലാബിന് ലഭിച്ച NABL അക്രെഡിറ്റേഷന്‍ സര്‍ട്ടിഫിക്കേറ്റ് പ്രകാശനം മന്ത്രി ജെ. ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ.എ.എസിനു നല്കി നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ.എ.എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എല്‍.ഡി.ബി എം.ഡി. ഡോ. രാജീവ് സ്വാഗതം പറഞ്ഞു. മില്‍മ ചെയര്മാന് കെ. എസ്. മണി, തിരുവനന്തപുരം മേഖലാ ചെയര്മാന് എന്‍. ഭാസുരാംഗന്, കേരള ഫീഡ്സ് എം.ഡി ഡോ. ബി. ശ്രീകുമാര്‍, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. സിന്ധു, ഡയറക്ടര്‍ ഓഫ് ക്ലിനിക്സ് (KVASU) ഡോ. മാധവന് ഉണ്ണി, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ശാലിനി ഗോപിനാഥ്, ഡോ. അനില്‍ കെ.എസ്, ഡോ. അജിത്, ഡോ. കിരണ്‍ ദാസ്, ഡോ. പ്രസാദ് എ, ഡോ. അവിനാശ് കുമാര്‍.ആര്, ഡോ. അനുരാജ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. കെ.എല്‍.ഡി.ബി ജനറല്‍ മാനേജര്‍ ഡോ. ടി. സജീവ് കുമാര്‍ നന്ദി പറഞ്ഞു.