കോഴിക്കോട്: വ്യവസായ ആവശ്യത്തിന് കേരളത്തിന്റെ പ്രഥമ സര്‍ക്കാര്‍ ബിര്‍ള മാനേജ്‌മെന്റിന് വിട്ടുനല്‍കിയ 350 ഏക്കര്‍ ഭൂമി ഗ്രാസിം കമ്പനി അടച്ചുപൂട്ടി രണ്ട് പതിറ്റാണ്ടായിട്ടും ഉപയോഗശൂന്യമായി കിടക്കുകയാണെന്നും വ്യവസായ ആവശ്യത്തിനല്ലെങ്കില്‍ ഭൂമി സര്‍ക്കാരിനെ തിരിച്ചേല്‍പ്പിക്കണമെന്ന വ്യവസ്ഥ പാലിച്ച് ഗ്രാസിം മാവൂര്‍ വിടണമെന്നും ജനകീയ സമരസമിതി ചെയര്‍മാനും മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ ടി.രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കമ്പനി പൂട്ടിയിട്ട് 22 വര്‍ഷമായതിനാല്‍ 350 ഏക്കര്‍ ഭൂമി വനസമാനമായിട്ടുണ്ട്. വന്യമൃഗങ്ങള്‍ പെറ്റുപെരുകി പൊതുജന ജീവിതത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് അഭ്യസ്തവിദ്യരായ യുവതി-യുവാക്കള്‍ക്ക് തെഴില്‍ നല്‍കുന്ന സംരംഭം സര്‍ക്കാര്‍ ആരംഭിക്കണം. ഇക്കാര്യമുയര്‍ത്തി 26ന്(വെള്ളി) വൈകീട്ട് മൂന്ന് മണിക്ക് മാവൂര്‍ ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കണ്‍വെന്‍ഷന്‍ സെന്റില്‍ ബഹുജന കണ്‍വെന്‍ഷന്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.