കോഴിക്കോട്: അബ്ദുള്‍നാസര്‍ മഅദനിയുടെ ജീവരക്ഷക്ക് പുതുതായി അധികാരത്തിലേറിയ കര്‍ണാടക സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കണമെന്ന് സിറ്റിസണ്‍ ഫോറം ഫോര്‍ മഅദനി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഫാസിസത്തിനും ഭരണകൂട ഭീകരതക്കും എതിരായി വന്‍ വിജയം നേടിയ കോണ്‍ഗ്രസ് സര്‍ക്കാരിന് ഇതിന് ബാധ്യത ഏറെയാണ്. ന്യൂനപക്ഷങ്ങളും മതേതര സമൂഹവും ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മഅദനിയടക്കമുള്ള ഇരകളോട് നീതി പുലര്‍ത്തുമെന്നാണ് പ്രതീക്ഷ. മഅദനിയടക്കമുള്ള ഇരകളോട് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ച പകപോക്കല്‍ രാഷ്ട്രീയം തിരുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ബാധ്യതയാണ്.
സുപ്രീംകോടതി ഉത്തരവിനെ പോലും പരിഹാസ്യമാക്കി അബ്ദുള്‍ നാസര്‍ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രയെ ബാലിശമായ കാരണങ്ങളുയര്‍ത്തി തടയാന്‍ ശ്രമിക്കുന്നത് മനുഷ്യത്വ വിരുദ്ധ നടപടിയാണ്. പ്രതിയുടെ സുരക്ഷാ ചെലവ് പ്രതി തന്നെ വഹിക്കണമെന്ന നിലപാട് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമാണോയെന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. മഅദനിയുടെ ജീവന്‍ രക്ഷിക്കാനും ചികിത്സ ഉറപ്പ് വരുത്താനും ഇടപെടല്‍ അഭ്യര്‍ഥിച്ച് സിറ്റിസണ്‍ ഫോറം നേതൃത്വം കര്‍ണാടക മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും സന്ദര്‍ശിക്കും. മഅദനി നേരിടുന്ന മനുഷ്യാവകാശ ലംഘതനത്തിനെതിരേ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ച് മഅദനി ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കും. ക്യാമ്പെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം 31ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ സാഹിബ് സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി ഹാളില്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നിര്‍വഹിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഫോറം ഭാരവാഹികളായ കാരാട്ട് റസാഖ് എക്‌സ് എം.എല്‍എ, ജാഫര്‍ അത്തോളി, നിസാര്‍ മേത്തര്‍, ജലീല്‍ പുനലൂര്‍, അഹമ്മദ് കുട്ടി ഓമശേരി എന്നിവര്‍ പങ്കെടുത്തു.