ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ, ആം ആദ്മി പാര്‍ട്ടി, സി.പി.എം, ആര്‍.ജെ.ഡി, ഡി.എം.കെ, ശിവസേന ഉദ്ധവ് പക്ഷം തുടങ്ങിയ പാര്‍ട്ടികള്‍ സ്വന്തം നിലയ്ക്ക് ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിറക്കിയത്. സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഉദ്ഘാടനം നടത്തുന്നതും രാഷ്ട്രപതിയെ ഒഴിവാക്കിയതുമാണ് പ്രതിപക്ഷത്തെ പ്രധാന എതിര്‍പ്പ്.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ പൂര്‍ണമായും മാറ്റിനിര്‍ത്തി പുതിയ പാര്‍ലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം കടുത്ത അപമാനമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണ് ഇത്. രാഷ്ട്രപതിയാണ് രാജ്യത്തിന്റെ മേധാവി. പാര്‍ലമെന്റിന്റെ അഭിവാജ്യ ഘടകവുമാണ്. രാഷ്ട്രപതിയില്ലാതെ പാര്‍ലമെന്റിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എന്നിട്ടും രാഷ്ട്രപതിയെ മാറ്റി നിര്‍ത്തി പ്രധാനമന്ത്രി ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നു. രാഷ്ട്രപതി ദൗപദി മുര്‍മു വേണം ഉദ്ഘാടനം നടത്താനെന്ന് പ്രതിപക്ഷം പറയുന്നു. ദലിത് വിഭാഗത്തില്‍നിന്നുള്ള വനിതാ രാഷ്ട്രപതിയെ ഈ നടപടിയിലൂടെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.
അതേസമയം, ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് പുറത്തിറക്കി. ചടങ്ങിലേക്ക് പാര്‍ലമെന്റ് അംഗങ്ങള്‍ക്കുപുറമേ പ്രമുഖര്‍ക്കും ക്ഷണമുണ്ട്. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങ് ആണ് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്.