ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. ചെങ്കോല്‍ സ്ഥാപിച്ചായിരിക്കും ഉദ്ഘാടനം. ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യരാത്രിയില്‍ സ്വീകരിച്ച ചെങ്കോലാണ് വീണ്ടും ദില്ലിയിലെത്തിച്ച് ലോക്‌സഭയില്‍ സ്ഥാപിക്കുക. അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ഈ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ അലഹബാദിലുള്ള ചെങ്കോല്‍ ഉദ്ഘാടന ദിവസം പൂജയ്ക്കു ശേഷം പ്രധാനമന്ത്രി സ്വീകരിക്കും. ഇത് സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ സ്ഥാപിക്കും.
ചെങ്കോലിന്റെ ചരിത്രം പറയുന്ന വെബ്‌സൈറ്റും സര്‍ക്കാര്‍ തുടങ്ങി
(വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ത്യയ്ക്ക് എങ്ങനെ അധികാരം കൈമാറണമെന്ന സംശയം ബൗണ്ട് ബാറ്റണ്‍ പ്രഭു ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ഉന്നയിച്ചു. സി രാജഗോപാലാചാരിയാണ് ഇതിന് പോംവഴി കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ തിരുവാടുതുറൈ അധീനം എന്ന സന്ന്യാസി മഠത്തിനോട് ഒരു ചെങ്കോല്‍ നിര്‍മ്മിച്ച് നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു. പ്രത്യേക വിമാനത്തില്‍ സന്ന്യാസിമാര്‍ കൊണ്ടുവന്ന ആ ചെങ്കോല്‍ ആദ്യം മൗണ്ട് ബാറ്റണ് നല്‍കി. പിന്നീട് തിരിച്ചുവാങ്ങി, ആഗസ്റ്റ് പതിനാല് രാത്രി പതിനൊന്ന് നാല്പത്തിയഞ്ചിന് ജവഹര്‍ലാല്‍ നെഹ്‌റു സന്യാസിമാരില്‍നിന്നും ചെങ്കോല്‍ സ്വീകരിച്ചു.)
പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായ തൊഴിലാളികളെ ചടങ്ങില്‍ പ്രധാനമന്ത്രി ആദരിക്കും. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ക്ഷണിച്ചെന്നും പങ്കെടുക്കുന്ന കാര്യം അവര്‍ തീരുമാനിക്കട്ടെയെന്നുമാണ് പ്രതിപക്ഷ പ്രതിഷേധത്തോടുള്ള അമിത് ഷായുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ വിശാല കാഴ്ചപ്പാടാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് മോദി ഉദ്ഘാടനം നിര്‍വഹിക്കുന്നതിനെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലെ വാര്‍ത്താസമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം. നിലവിലുള്ള മന്ദിരം ബ്രിട്ടീഷുകാര്‍ പണിതതാണ്. ഇപ്പോള്‍ ഇന്ത്യ പുതിയ മന്ദിരം പണിതിരിക്കുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്ന് നമ്മള്‍ പുതിയ കാലത്തിലേക്ക് നീങ്ങുന്നു. ഇന്ത്യയുടെ പരമാധികാരം ഉറപ്പിക്കുന്ന കൂടുതല്‍ ചിഹ്നങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉണ്ടാകും. അമിത്ഷാ കൂട്ടിച്ചേര്‍ത്തു.