തിരുവനന്തപുരം: ഫയര്‍മാന്റെ ജീവനെടുത്ത തിരുവനന്തപുരം മേനംകുളത്തെ കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപ്പിടിത്തത്തില്‍ ഗുരുതര വീഴ്ച ഉണ്ടായതായി കണ്ടെത്തല്‍.തീപ്പിടിത്തമുണ്ടായ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ ഒരു സുരക്ഷാ മാനദണ്ഡവും പാലിച്ചിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നതില്‍ അധികവും കാലാവധി കഴിഞ്ഞ മരുന്നുകളായിരുന്നു. തീപിടിക്കാന്‍ കാരണമാകുന്ന പതിനേഴോളം വസ്തുക്കള്‍ കെട്ടിടത്തില്‍
ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ക്ലോറിന്‍ അടക്കം സൂക്ഷിച്ചിരുന്നത് ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് അഗ്‌നിശമനസേനയുടെ എന്‍ഒസി കൂടാതെയാണ് ഈ മരുന്ന് സംഭരണശാലയുടെ കെട്ടിടം പ്രവര്‍ത്തിച്ചതെന്ന് ഇന്നലെ സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് മേധാവി ഡിജിപി ബി.സന്ധ്യ പറഞ്ഞിരുന്നു. തീ കെടുത്താനുള്ള ഒരു ഉപകരണങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. കെട്ടിടത്തില്‍ ബ്ലീച്ചിങ് പൗഡര്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്നു. അതില്‍ വെള്ളംവീണാല്‍ പുകയാന്‍ സാധ്യതയുണ്ട്. ആല്‍ക്കഹോള്‍ അടങ്ങിയ ദ്രാവകവുമായി ബ്ലീച്ചിങ് സമ്പര്‍ക്കത്തിലായാല്‍ തീ കത്താന്‍ സാധ്യതയുണ്ടെന്നും ഫയര്‍ഫോഴ്സ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു.