ജനപ്രീതിയില്‍ മോദി തന്നെ മുന്‍പില്‍; രാഹുലിന്റെ ജനസമ്മിതി ഉയരുന്നുവെന്ന് സര്‍വേ

ജനപ്രീതിയില്‍ മോദി തന്നെ മുന്‍പില്‍; രാഹുലിന്റെ ജനസമ്മിതി ഉയരുന്നുവെന്ന് സര്‍വേ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജനസമ്മിതി ഉയരുന്നുവെന്ന് സര്‍വേ. എന്‍.ഡി.ടി.വി, ലോകനിതി-സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ ഒരു പൊതു സര്‍വേയിലാണ് കണ്ടെത്തല്‍. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും അടുത്തിടെ സ്വീകരിച്ച രാഷ്ട്രീയ നയങ്ങളുമാണ് ജനപ്രീതി വര്‍ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയെ 27 ശതമാനം ജനങ്ങളാണ് പിന്തുണയ്ക്കുന്നത്. കഴിഞ്ഞ സര്‍വേയില്‍ ഇത് 24 ശതമാനമായിരുന്നു.
അതേസമയം ജനപ്രീതിയില്‍ മോദി മുന്‍പിലാണെങ്കിലും കഴിഞ്ഞ സര്‍വേയെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവുണ്ട്. 2019ല്‍ 44 ശതമാനം ജനസമ്മിതി നേടിയ മോദിക്ക് ഇത്തവണ 43 ശതമാനമാണ് ജനസമ്മിതി. രാഹുലിനും മോദിക്കും പുറമേ മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. മമത ബാനര്‍ജി( 4%) അരവിന്ദ് കെജ്രിവാള്‍ (4%), അഖിലേഷ് യാദവ് (3%), നിതീഷ് കുമാര്‍ (1%), മറ്റുള്ളവര്‍ (18%) എന്നിങ്ങനെയാണ് അഭിപ്രായ സര്‍വേയിലെ കണക്ക്.

രാഹുല്‍ ഗാന്ധിയോട് എക്കാലത്തും ഇഷ്ടവും ബഹുമാനവുമാണെന്ന് 26 ശതമാനം പേര്‍ പ്രതികരിച്ചു. 15 % പേര്‍ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയില്‍ ആകൃഷ്ടരായി. 16% പേര്‍ രാഹുല്‍ഗാന്ധിയോട് പ്രതികൂല സമീപനമാണ് സ്വീകരിച്ചത്. 27 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയോട് പ്രത്യേക താത്പര്യമില്ലെന്ന് പ്രതികരിച്ചു. സര്‍വെയില്‍ പ്രതികരിച്ചവരില്‍ മോദിയുടെ പ്രസംഗ വൈദഗ്ധ്യത്തെ പ്രശംസിക്കുന്നവരാണ് 25 ശതമാനവും. 20% പേര്‍ മോദിയുടെ വികസന നയങ്ങളെയും 13% പേര്‍ കാര്യക്ഷമതയെയും പ്രവര്‍ത്തനരീതിയെയും അഭിനന്ദിച്ചു. ഏകദേശം11% പേര്‍ മോദിയുടെ നയങ്ങളെ വിലമതിക്കുന്നവരാണ്.

രാജ്യത്തെ 71 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വെയില്‍ 7,202 പേരാണ് പ്രതികരിച്ചത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മെയ് 10 നും 19നുമിടയിലായാണ് സര്‍േവ നടത്തിയത്. 43 ശതമാനം പേര്‍ ബി.ജെ.പിക്ക് കേന്ദ്രത്തില്‍ തുടര്‍ഭരണം കിട്ടുമെന്ന് പ്രതികരിച്ചു. 38 ശതമാനം പേര്‍ ബി.ജെ.പിക്ക് അധികാരം നഷ്ടമാകുമെന്ന അഭിപ്രായക്കാരാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *