തിരുവനന്തപുരം: വിവിധ ആവശ്യങ്ങളില്‍ മന്ത്രിയുടെ ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബസ് സമരത്തിലുറച്ച് സ്വകാര്യ ബസ്സുടമകള്‍. പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം ജൂണ്‍ ഏഴ് മുതല്‍ നടത്തുമെന്ന് ബസ്സുടമകള്‍ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷന്‍ 5 രൂപയാക്കണം, കണ്‍സഷന്‍ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് നിലനിര്‍ത്തണം എന്നിവയാണ് സ്വകാര്യ ബസുടമകള്‍ മുന്നോട്ട്‌വയ്ക്കുന്ന ആവശ്യങ്ങള്‍. ചര്‍ച്ചയില്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. യാതൊരു ഉറപ്പും ലഭിച്ചില്ല, ഇതോടെയാണ് സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്‍കിയതായും സമരസമിതി കണ്‍വീനര്‍ ടി. ഗോപിനാഥ് അറിയിച്ചു.