കോഴിക്കോട്: കേരള ടാക്‌സ് പ്രക്റ്റീഷണേഴ്‌സ് അസോസിയേഷന്‍ എട്ടാം സംസ്ഥാന സമ്മേളനം 26, 27 തിയതികളില്‍ എം.എസ്.എം ജൂബിലിഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 26ന് രാവിലെ ഒമ്പത് മണിക്ക് സംസ്ഥാന പ്രസിഡന്റ് പി.എസ് ജോസഫ് പതാക ഉയര്‍ത്തും. വൈസ് പ്രസിഡന്റ് പി.സുബ്രമണ്യന്‍ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.എസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ബി.എല്‍ രാജേഷ് റിപ്പോര്‍ട്ടും ട്രഷറര്‍ യു.കെ ദാവൂദ് വരവ് ചിലവ് കണക്കും അവതരിപ്പിക്കും. അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ അഞ്ച് ലക്ഷം രൂപയുടെ കുടുംബ ക്ഷേമനിധി ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും രണ്ട് കുടുംബങ്ങള്‍ക്കുള്ള വിതരണവും മന്ത്രി ആന്റണിരാജു നിര്‍വഹിക്കും.
27ന് ശനി രാവിലെ 10 മണിക്ക് എം.കെ രാഘവന്‍ എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മേയര്‍ ഡോ.ബീന ഫിലിപ് 25 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിക്കും. വിവിധ ജില്ലകളില്‍ നിന്നായി 600 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജി.എസ്.ടി നിയമവുമായി ബന്ധപ്പെട്ട് വ്യാപാരികളും ടാക്‌സ് പ്രാക്റ്റീഷണര്‍മാരും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് സമര്‍പ്പിക്കും. കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികളെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.എസ് ജോസഫ്, ബി.എല്‍ രാജേഷ് എന്നിവര്‍ പങ്കെടുത്തു.