കര്‍ണാടകയുടെ പുതിയ സ്പീക്കറായി യു.ടി ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടു

കര്‍ണാടകയുടെ പുതിയ സ്പീക്കറായി യു.ടി ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടു

ബംഗളൂരു: കര്‍ണാടക നിയമസഭയുടെ പുതിയ സ്പീക്കറായി മലായളിയായ മംഗളൂരു എം.എല്‍.എ യു.ടി ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് യു.ടി ഖാദറിന്റെ തെരഞ്ഞെടുപ്പ്. 224 അംഗ നിയമസഭയില്‍ 137 വോട്ടാണ് യു.ടി ഖാദറിന് ലഭിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് പുറമെ രണ്ട് സ്വതന്ത്രരും അനുകൂലമായി വോട്ടു ചെയ്തു. ബി.ജെ.പി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നില്ല. സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിമാണ് യു.ടി ഖാദര്‍.

മണ്ഡല പുനര്‍ നിര്‍ണായത്തോടെ മംഗളുരു റൂറല്‍ ആയി മാറിയ (ഉള്ളാള്‍) മണ്ഡലത്തില്‍ നിന്ന് ഇത് അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭയില്‍ എത്തുന്നത്. നേരത്തെ മൂന്നു തവണ കര്‍ണാടക മന്ത്രിസഭയില്‍ അദ്ദേഹം അംഗമായിട്ടുണ്ട്. ആരോഗ്യ – ഭക്ഷ്യ പൊതുവിതരണ – നഗര വികസന വകുപ്പ് മന്ത്രി ആയി മികച്ച സേവനം കാഴ്ചവച്ചു. മംഗളുരു റൂറല്‍ മണ്ഡലത്തില്‍ നിന്ന് 22,000ത്തിന് മേല്‍ ഭൂരിപക്ഷത്തിലായിരുന്നു ഖാദറിന്റെ വിജയം. വര്‍ഗീയ അജണ്ടകള്‍ വിഷയമാക്കി ബി.ജെ.പി സ്ഥാനാര്‍ഥി ഉയര്‍ത്തിയ വെല്ലുവിളികള്‍ മറികടന്നായിരുന്നു ഖാദര്‍ വിജയം നേടിയത്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരെ പ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുക എന്ന കോണ്‍ഗ്രസ് നയത്തിന്റെ ഭാഗമായാണ് സ്പീക്കര്‍ സ്ഥാനം യു.ടി ഖാദറിന് ലഭിക്കുന്നത്. ബി.ജെ.പി കോട്ടയായ തീരദേശ കര്‍ണാടക മേഖലയിലെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് സാരഥിയാണ് യു.ടി ഖാദര്‍. മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നു കേട്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസ്, സഭാധ്യക്ഷ സ്ഥാനം ഖാദറിനുറപ്പിച്ചത്.

സ്പീക്കറാവുന്നത് ഒരു വലിയ അവസരമായി കാണുന്നുവെന്നും എല്ലാവരെയും ഒന്നിച്ചു ചേര്‍ത്ത് ജനസേവനത്തിന് സുതാര്യതയോടെ സഭയെ നയിക്കാമെന്നും യു.ടി ഖാദര്‍ പ്രതികരിച്ചു.
പിതാവ് കാസര്‍ക്കോട് ഉപ്പള പള്ളത്തെ യു ടി ഫരീദിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഖാദര്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. 1972,1978,1999,2004 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി ഉള്ളാള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു വിജയിച്ച ആളാണ് ഫരീദ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *