ന്യൂഡല്‍ഹി: ഇന്ത്യ ഓസ്‌ട്രേലിയ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഒന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസീസ് സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ദി ബോസ്’ എന്ന് വിശേഷിപ്പിച്ച ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, മോദി അസാമാന്യമായ ഊര്‍ജ്ജമുള്ളയാളെന്നും പറഞ്ഞു.സിഡ്‌നിയില്‍ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.
ഈ പരിപാടിക്ക് തൊട്ടുമുന്‍പ് നടത്തിയ ആമുഖ പ്രഭാഷണത്തിലാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ഇന്ത്യന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്. തുടര്‍ന്ന് നമസ്‌തേ ഓസ്‌ട്രേലിയ എന്ന സംബോധനയോടെ പ്രസംഗം തുടങ്ങിയ ഇന്ത്യന്‍ പ്രധാനമന്ത്രി ഹിന്ദിയിലാണ് പ്രസംഗിച്ചത്.
ഒന്‍പത് വര്‍ഷത്തിനിടെ രണ്ട് തവണ ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനായതില്‍ സന്തോഷമുണ്ട്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹം ഇന്ത്യയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണെന്നും പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ – ഓസ്‌ട്രേലിയ ബന്ധത്തിന് ആധാരമെന്നും മോദി പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.