ന്യൂഡല്‍ഹി: കൊറോണ വൈറസ് മനുഷ്യ ശരീരത്തെ മാത്രമേ ബാധിക്കുകയുള്ളുവെന്നും എന്നാല്‍ വര്‍ഗീയ വൈറസ് രാഷ്ട്രിയത്തെ മുഴുവന്‍ ബാധിക്കുന്നതെന്നും രാജ്യസഭാ എം.പി കപില്‍ സിബല്‍. വര്‍ഗീയത കൊണ്ടുള്ള രാഷ്ട്രീയ ലാഭവിഹിതം താല്‍ക്കാലികം മാത്രമാണെങ്കിലും അതിന്റെ മുറിവുകള്‍ ശാശ്വതമായിരിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.കഴിഞ്ഞ ദിവസം മണിപ്പൂരില്‍ വീണ്ടും കലാപം നടന്ന പശ്ചാത്തലത്തിലായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്.
മണിപ്പൂര്‍ വീണ്ടും കത്തുകയാണ്.ഇത് പടരുകയാണെങ്കില്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ ഭീകരമായിരിക്കും. വര്‍ഗീയ കലാപത്തില്‍ ഉണ്ടാകുന്ന രാഷ്ട്രീയ ലാഭ വിഹിതം താല്‍ക്കാലികമായിരിക്കും. എന്നാല്‍ മുറിവുകള്‍ ശാശ്വതമായിരിക്കും, അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ തലസ്ഥാനമായ ഇംഫാലില്‍ സുരക്ഷാ സൈന്യത്തെ വിന്യസിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ഇംഫാലിലെ ചെക്കോണ്‍ പ്രദേശത്ത് മെയ്തി സമുദായവും കുകി സമുദായവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.പ്രാദേശിക മാര്‍ക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.