ഗുജറാത്ത്: മലിനജലം കുടിച്ചതിനെ തുടര്‍ന്ന് ഗുജറാത്തിലെ 25 ഒട്ടകങ്ങള്‍ക്ക് ദാരുണാന്ത്യം.ബറൂച്ച് ജില്ലയിലെ കച്ചിപുര ഗ്രാമത്തിലാണ് സംഭവം. കനത്ത ചൂടില്‍ നിന്ന് ഒട്ടകങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ് ഗ്രാമവാസികള്‍ ഒട്ടകങ്ങളെ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ചെഞ്ചെല്‍ തടാകത്തിലെത്തിച്ചത്. ഒട്ടകങ്ങള്‍ യാത്രാമധ്യേ തന്നെ ചത്തു വീഴുകയായിരുന്നു.
ഇപ്പോള്‍ സ്വകാര്യ വിതരണക്കാരില്‍ നിന്നാണ് ഗ്രാമത്തിലേക്ക് വെള്ളം എത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളായി അതും മുടങ്ങിയതോടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി. ഗ്രാമത്തിലേക്ക് കുടിവെള്ളം കൊണ്ടു വരുന്ന പൈപ്പുലൈനുകള്‍ പൊട്ടിയതാണ് പെട്ടെന്ന് കുടിവെള്ള ക്ഷാമം കൂടുതല്‍ രൂക്ഷമാക്കിയത്.
വളരെ കാലമായി അധികൃതരോട് കുടിവെള്ള ക്ഷാമത്തേക്കുറിച്ചും തങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും പല ആവര്‍ത്തി പറഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഗ്രാമവാസികളുടെ പരാതി. രാസവ്യവസായസ്ഥാപനങ്ങളും മലിനീകരണത്തിന് കാരണമായതായി കണ്ടെത്താനായിട്ടില്ലെന്നാണ് ബറൂച്ചിലെ മലിനീകരണ നിരീക്ഷണ വിഭാഗത്തിന്റെ റീജിയണല്‍ ഓഫീസര്‍ മാര്‍ഗി പട്ടേലിന്റെ വാദം. അതേ സമയം ഒട്ടകങ്ങള്‍ ചത്തതിന്റെ കാരണം മലിനജലം കുടിച്ചത് മൂലമാണെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ബറൂച്ചിലെ ഗവര്‍ണമെന്റ് വെറ്റിനറി ഡോ. ഹര്‍ഷ് ഗോസ്വാമി അറിയിച്ചു.