ജിദ്ദ: ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് ചരിത്രംകുറിച്ച് സൗദി അറേബ്യ.സ്തനാര്‍ബുദഗവേഷകയും സൗദി സ്വദേശിനിയുമായ റയാന അല്‍ ബര്‍നാവി(33)യാണ് മറ്റ് മൂന്നുപേര്‍ക്കൊപ്പം യു.എസിലെ ഫ്‌ളോറിഡ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്.) പോയത്.
ഇന്ത്യന്‍സമയം തിങ്കളാഴ്ച പുലര്‍ച്ചെ 3.07-ന് യാത്രതിരിച്ച സംഘം വൈകുന്നേരം 6.42-ന് ബഹിരാകാശ നിലയത്തിലെത്തി.
സ്പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇതോടെ ഒരേസമയം വനിത ഉള്‍പ്പെടെ രണ്ടുപേരെ നിലയത്തില്‍ എത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും സൗദി ഇടം പിടിച്ചു.യുദ്ധവിമാന പൈലറ്റും സൗദി പൗരനുമായ അലി അല്‍ ഖര്‍നി, മുന്‍ നാസ ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്സണ്‍, അമേരിക്കന്‍ സംരംഭകനും പൈലറ്റുമായ ജോണ്‍ ഷോഫ്നര്‍ എന്നിവരാണ് റയാനയുടെ സഹസഞ്ചാരികള്‍.
ന്യൂസീലന്‍ഡില്‍നിന്ന് ബയോമെഡിക്കല്‍ സയന്‍സില്‍ ബിരുദവും സൗദിയിലെ അല്‍ഫൈസല്‍ സര്‍വകലാശാലയില്‍നിന്ന്
ബിരുദാനന്തരബിരുദവും നേടിയ റയാന ബര്‍നാവി 10 വര്‍ഷമായി കാന്‍സര്‍ സ്റ്റെംസെല്‍ റിസര്‍ച്ച് സെന്ററില്‍ ഗവേഷകയാണ്.നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, സൗദി സ്‌പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിലാണ് സൗദി ബഹിരാകാശ സഞ്ചാരികള്‍ യാത്രയായത്.സൗദി അറേബ്യയുടെ രണ്ടാമത് ബഹിരാകാശദൗത്യമാണിത്. സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഏഴുദിവസത്തെ ദൗത്യത്തിനായി 1985 ജൂണ്‍ 17-ന് ബഹിരാകാശത്ത് എത്തിയിരുന്നു.