കോഴിക്കോട്: ദീര്‍ഘകാലമായി സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുടമകളുടെ പെര്‍മിറ്റുകള്‍ കെ.ഷിഫ്റ്റിനുവേണ്ടി പിടിച്ചെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ടുകൊണ്ടും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയും സ്വകാര്യ ബസുകളിലേതു പോലെ കെ.എസ്ആര്‍.ടി.സിയിലും കുട്ടികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും പ്രക്ഷോഭം നടത്താന്‍ ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ പെര്‍മിറ്റ് പിടിച്ചെടുക്കാനുള്ള തീരുമാനം കാരണം പതിനായിരക്കണക്കിന് ബസ് തൊഴിലാളികള്‍ക്ക് തെഴില്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ബസുടമകള്‍ കടക്കണിയില്‍ അകപ്പെടുകയും ചെയ്യുമെന്ന് മാത്രമല്ല കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇന്ന് ലഭിച്ചുക്കൊണ്ടിരിക്കുന്ന യാത്രാസൗകര്യം നഷ്ടപ്പെടുകയും ചെയ്യും.
താഴെപ്പറയുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം:
1. നിലവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ അതേപടി യഥാസമയം പുതുക്കി നല്‍കുക.
2. മെയ് നാലിന് പുറത്തിറക്കിയ G.O.(P) No. 13/2023 നമ്പര്‍ നോട്ടിഫിക്കേഷന്‍ പിന്‍വലിക്കുക.
നാളെ തൃശൂരിലെ തേക്കിന്‍കാട് മൈതാനത്ത് സംസ്ഥാനത്തെ മുഴുവന്‍ ബസുടമകളേയും അണിനിരത്തിക്കൊണ്ട് നടത്തുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ വച്ച് ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചുകൊണ്ടുള്ള തീയതി നിശ്ചയിച്ച് സമരപ്രഖ്യാപനം നടത്തും. സമരപരിപാടികള്‍ വിജയിപ്പിക്കാന്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.ടി വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. തുളസിദാസ്, ട്രഷറര്‍ എം.എസ് സാജു, വൈസ്പ്രസിഡന്റുമാരായ റിനീഷ്, ബാബുരാജ് എ.സി, അബ്ദുള്‍ സത്താര്‍, ജോയിന്റ് സെക്രട്ടറിമാരായ ബീരാന്‍കോയ, മനോജ് കെ.കെ, ആലി.പി, സി.കെ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.