മാഹി: മയ്യഴിയിലെ തലമുറകളെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച പഴയ ഫ്രഞ്ച് വിദ്യാലയമായ ‘ലെ ബുര്ദൊനെ’ കോളജില്‍ നിന്നും വേര്‍പിരിഞ്ഞ് പോയ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ജവഹര്‍ലാല്‍ നെഹ്റു ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംയുക്ത കൂട്ടായ്മ സംഘടിപ്പിക്കുന്നു. രണ്ടു വ്യത്യസ്ത സ്ഥാപനങ്ങളായാണ് ഇവ ഇന്ന് പ്രവര്‍ത്തിക്കുന്നതെങ്കിലും പഴയ ഫ്രഞ്ച് വിദ്യാലയ ബന്ധം ഊട്ടി ഉറപ്പിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചരിത്രത്തെയും പോയ കാലത്തെയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെ.എന്‍, ജി.എച്ച് എവ് കൂട്ടായ്മ ജൂലായ് 23ന് നടത്തുന്നത്. ഇതിന്റെ മുന്നോടിയായി ലോഗോ ക്ഷണിക്കുന്നു.
കൂട്ടായ്മയുടെ ഉദ്ദേശ്യത്തെ ഉയര്‍ത്തിക്കാട്ടി ഒരു ലോഗോ തയ്യാറാക്കാന്‍ കലാകാരന്മാരെ ക്ഷണിക്കുന്നു. വിദ്യാഭ്യാസപരമായ വിവാദസൂചകങ്ങളില്ലാത്ത ലളിതവും കലാപരവുമായ ലോഗോ ആകര്‍ഷകമായ പേരോടു കൂടി ക്ഷണിക്കുന്നു. അനുകരണമല്ലാത്ത തനത് സൃഷ്ടിയാവണം. ജാതി മത രാഷ്ട്രീയ സൂചനകള്‍ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോവിന് 5001 രൂപയും ഈ സംഗമത്തിന് ഒരു പേര് നിര്‍ദേശിക്കുന്നതിന് 1001 രൂപയും സമ്മാനം നല്‍കുന്നതാണ്. രണ്ടും 2023 മെയ് 31 നകം പ്രോഗ്രാം കമ്മിറ്റിയെ ഏല്‍പ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. നമ്പര്‍: 9809900111, ഇ-മെയില്‍: [email protected].
വാര്‍ത്താ സമ്മേളനത്തില്‍ ഡോ: പി.രവീന്ദ്രന്, സി.എച്ച് പ്രഭാകരന് മാസ്റ്റര്‍, അബ്ദുള്‍ ഗഫൂര്‍ മനോളി, സി.എം ഹാഷിര്‍, ജിനോമ്പ് ബഷീര്‍, ലുബ്ന സമീര്‍, അനീഷ, ഷിബു കളത്തില്‍, മസ്ഫര്‍, ഷാനിദ് എന്നിവര്‍ സംബന്ധിച്ചു. നോവലിസ്റ്റ് എം.മുകുന്ദന്, മുന്‍ മന്ത്രി ഇ.വത്സരാജ്, മുന്‍ ഡെ: സ്പീക്കര്‍ പി.കെ. സത്യാനന്ദന് എന്നിവര്‍ രക്ഷാധികാരികളും സി.എച്ച് പ്രഭാകരന് (ചെയര്മാന്), ഡോ: പി.രവീന്ദ്രന് (ജനറല്‍ കണ്‍വീനര്‍), ഡോ: ജി.ആര് രാജേഷ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളുമാണ്.