പരാധീനതകള്‍ക്കിടയില്‍ മാഹി ഗവ: മിഡില്‍ സ്‌കൂള്‍

പരാധീനതകള്‍ക്കിടയില്‍ മാഹി ഗവ: മിഡില്‍ സ്‌കൂള്‍

മാഹി: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, മാഹി ഗവ. മിഡില്‍ സ്‌കൂള്‍ (അനെക്‌സ് സ്‌കൂള്‍) പരാധീനതകള്‍ കാരണം പൊറുതി മുട്ടുന്നു. ആദ്യ കാഴ്ചയില്‍ തന്നെ സ്‌കൂള്‍ നേരിടുന്ന പ്രതിസന്ധി മനസ്സിലാകും. സ്‌കൂള്‍ ചുമരുകളില്‍ പെയിന്റ് ചെയ്തിട്ട് വര്‍ഷങ്ങളായി. മഴ ശക്തമായി പെയ്താല്‍ കെട്ടിടം ചോര്‍ന്നൊലിക്കും. കോവിഡ് കാലത്ത് ആശുപത്രിയായി പ്രവര്‍ത്തിച്ചത് ഈ സ്‌കൂള്‍ കെട്ടിടത്തിലാണ്. അതിന്റെ അവശിഷ്ടങ്ങള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ ഇപ്പോഴുമുണ്ട്. രണ്ട് പ്ലാസ്റ്റിക് ശുചിമുറികള്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് കിടക്കുന്നത്. പലതവണ അധ്യാപകരും രക്ഷിതാക്കളും അധികൃതരെ നേരിട്ടും രേഖാമൂലവും അറിയിച്ചിട്ടും, ശുചിമുറികള്‍ മാറ്റാനോ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനോ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന ഡൈനിങ് ഹാളിന്റെ നില പരിതാപകരമാണ്. കുട്ടികള്‍ നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുന്നു. മാത്രമല്ല, ഹാള്‍ വൃത്തിഹീനവുമാണ്. ആവശ്യത്തിന് ലൈറ്റുകളോ ഫാനോ ഇല്ല.

350 ഓളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണിത്. അഗ്നി രക്ഷാ സംവിധാനം തകരാറിലായിട്ട് മാസങ്ങളായി. കഴിഞ്ഞ അധ്യയന വര്‍ഷം മഴക്കാലത്ത് സ്‌കൂളില്‍ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ദിവസങ്ങളോളം സ്‌കൂളിന് അവധി കൊടുത്ത സ്ഥിതിയുമുണ്ടായിട്ടുണ്ട്. നിലത്തും ചുമരിലും ഷോക്കേറ്റ സ്ഥിതിയുമുണ്ട്. സ്‌കൂളിലെ വൈദ്യുതി വിതരണ സംവിധാനത്തിലെ പോരായ്മ കാരണം തീപ്പിടിക്കുകയും മെയില്‍ സ്വിച്ച് ഉള്‍പ്പെടെ കത്തിയിട്ടും, അവ റിപ്പയര്‍ ചെയ്യാനോ മാറ്റി സ്ഥാപിക്കാനോ ചെയ്യാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്. വൈദ്യുതി വകുപ്പിനെ ബന്ധപ്പെട്ടപ്പോള്‍ പി.ഡബ്ല്യു.ഡി. യാണ് ചെയ്യേണ്ടതെന്നാണ് പി.ടി.എ ഭാരവാഹികളോട് പറഞ്ഞത്.
അഗ്നി രക്ഷാ സംവിധാനത്തിന്റെ കത്തിപ്പോയ മോട്ടോര്‍ പുന:സ്ഥാപിക്കാത്ത അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പഴയ ഫര്‍ണിച്ചറിന്റെ അവശിഷ്ടങ്ങളും പഴകിയ ഇലക്ട്രിക്ക് ഉപകരണങ്ങളും കുന്ന് കൂട്ടിയിരിക്കുകയാണ്. ശുചിമുറികളുടെ അവസ്ഥയും ശോചനീയമാണ്. സ്‌കൂള്‍ പരിസരം വൃത്തിയാക്കാനോ ആരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ല.

ക്ലാസ് മുറികളില്‍ ആവശ്യത്തിന് ലൈറ്റോ, ഫാനോ ഇല്ല. ഇരിക്കാനുള്ള ബെഞ്ചും ഡെസ്‌കിന്റെയും അവസ്ഥയും വ്യത്യസ്തമല്ല. കഴിഞ്ഞ അധ്യയന വര്‍ഷം തകര്‍ന്ന ബെഞ്ചും ഡെസ്‌കും റിപ്പയര്‍ ചെയ്താണ് അധ്യയനം നടത്തിയത്. 350 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ഒരു പുരുഷ കായികാധ്യാപകനും മറ്റുള്ളവര്‍ മുഴുവന്‍ വനിതാ ടീച്ചര്‍മാരാണുള്ളത്. മാഹി അഡ്മിനിസ്‌ട്രേറ്റര്‍ ഓഫിസിനും സി.ഇ.ഒ ഓഫിസിനും വളരെ അടുത്തുള്ള ഈ വിദ്യാലയം അധികൃതരുടെ അവഗണനയില്‍ മുരടിക്കുകയാണ്. സി.ബി.എസ്.ഇ സംവിധാനത്തിലേക്ക് മാഹിയിലെ വിദ്യാലയങ്ങള്‍ കടക്കുമ്പോള്‍ മാഹിയിലെ ഈ സര്‍ക്കാര്‍ വിദ്യാലയത്തിന് പറയാന്‍ പരാധീനതകള്‍ മാത്രം.

യൂണിഫോം ഇതുവരെ കിട്ടിയിട്ടില്ല

കഴിഞ്ഞ അധ്യയന വര്‍ഷം വിതരണം ചെയ്യേണ്ടിയിരുന്ന വിദ്യാര്‍ഥികളുടെ യൂണിഫോം ഒരു വര്‍ഷം കഴിഞ്ഞിട്ടും വിതരണം ചെയ്തിട്ടില്ല. തീരദേശങ്ങളില്‍നിന്നുള്‍പ്പെടെ തൊഴിലാളികളുടെ കുടുംബങ്ങളിലെ വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും. പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ യൂണിഫോം കിട്ടുമെന്ന പ്രതീക്ഷയും ഇപ്പോള്‍ രക്ഷിതാക്കള്‍ക്കില്ല. യൂണിഫോം വിതരണം ചെയ്യാന്‍ അധികൃതര്‍ക്കുമില്ല താല്‍പ്പര്യം.

 

Share

Leave a Reply

Your email address will not be published. Required fields are marked *