തലശ്ശേരി: മഹാനായ ഗുണ്ടര്‍ട്ടിന് അക്ഷര മധുരം പകര്‍ന്നേകിയ ഊരാച്ചേരി ഗുരുനാഥന്‍മാരുടേയും, കൈരളിക്ക് പുരോഗമനാശയങ്ങളുടെ അക്ഷരക്കൂട്ട് സമ്മാനിച്ച മൊയാരത്ത് ശങ്കരന്റേയും നാട്ടില്‍, അക്ഷരങ്ങളെ പ്രണയിച്ച കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തില്‍ ബൃഹത്തായഗ്രന്ഥപ്പുരയായി. കണ്ണ്ചിമ്മിത്തുറക്കുന്ന വേഗതയിലാണ് ഒരു നാടാകെ പുസ്തകങ്ങളുമായി കഴിഞ്ഞ ദിവസം ചൊക്ലിയിലെ മൊയാരം മന്ദിരത്തിലേക്ക് ഒഴുകിയെത്തിയത്. സമ്പൂര്‍ണ്ണ സാക്ഷരത തൊട്ട് സംസ്ഥാനത്താദ്യമായി നിയമസാക്ഷരത വരെ കൈവരിച്ച ചൊക്ലി പഞ്ചായത്തില്‍ പുസ്തകങ്ങളെ നെഞ്ചേറ്റിയവരാണ് പുതു തലമുറയുമെന്ന് റിളിച്ചോതുന്നതായി പുസ്തക സമാഹരണം. നാടന്‍ കലാ ഗവേഷകനും, പ്രമുഖചിത്രകാരനുമായ കെ കെ മാരാരാണ് ഉദ്ഘാടനം ചെയ്തത്. സി എച്ച് പ്രഭാകരന്‍, എസ് കെ വിജയന്‍ എന്നിവരില്‍ നിന്ന് പുസ്തകം സ്വീകരിച്ചായിരുന്നു ഉദ്ഘാടനം. ഡോ എ പി ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. 10,000 രൂപയുടെ പുസ്തകം ഡോ ബിജു സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് കൈമാറി. പ്രമുഖ പ്രസാധകരുടെ പുസ്തകം വാങ്ങി ലൈബ്രറിക്ക് സമര്‍പ്പിക്കാനുള്ള സൗകര്യം മൊയാരം സ്മാരകത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. റഫറന്‍സ് ഗ്രന്ഥങ്ങളടക്കം നാലായിരം പുസ്തകങ്ങള്‍ ഇതിനകം സമാഹരിച്ചു കഴിഞ്ഞു.
സാഹിത്യകാരന്മാരായ ടി പത്മനാഭന്‍, എം മുകുന്ദന്‍, എം രാഘവന്‍ ,കവിയൂര്‍ രാജഗോപാലന്‍, കെ.കെ. മാരാര്‍, ചാലക്കര പുരുഷു തെയ്യം കലാ അക്കാദമി ചെയര്‍മാന്‍ ഡോ.എ.പി ശ്രീധരന്‍,തുടങ്ങിയവര്‍ നേരത്തെ പുസ്തകം നല്‍കിയിരുന്നു. ഡിജിറ്റലൈസേഷന്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രവാസിയായ എന്‍.കെ.മുഹമ്മദ് കമ്പ്യൂട്ടര്‍ സിസ്റ്റം കൈമാറി. കവിയൂര്‍ രാജഗോപാലന്‍, അഡ്വ പി കെ രവീന്ദ്രന്‍, സുധ അഴീക്കോടന്‍, ഡോ ഭാസ്‌കരന്‍ കാരായി, ഷാജി എം ചൊക്ലി, പി കെ യൂസഫ്, കെ എം ശിവകൃഷ്ണന്‍, അഡ്വ കെ വിശ്വന്‍, ആര്‍ ആതിര, ടി എം ദിനേശന്‍ സംസാരിച്ചു. ടി കെ സുരേഷ് സ്വാഗതവും പ്രസീത രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.