മാഹി: ജീവിതത്തേയും, പ്രകൃതിയേയും ഒരിക്കലും ഒറ്റനിറത്തില്‍ വരച്ചെടുക്കാനാവില്ല. പ്രത്യാശ, സുന്ദരാനുഭവങ്ങള്‍, മനോഹര കാഴ്ചകള്‍,സ്വാര്‍ത്ഥത, വിശ്വാസത്തകര്‍ച്ച , മൂല്യശോഷണം എന്നിവയെല്ലാം പ്രകൃതിയേയും മനുഷ്യനേയും വല്ലാതെ സ്വാധീനിക്കുന്ന ഘടകളാണ്. മനുഷ്യന്റെ സ്വാര്‍ത്ഥത ക്ഷതമേല്‍പ്പിക്കുന്നത് സ്വാഭാവികമായും പ്രകൃതിയെ തന്നെയാണ്. പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരതയുടെ നേര്‍ക്കാഴ്ചകള്‍ക്കൊപ്പം, ഇനിയും മരിച്ചിട്ടില്ലാതെ പുഴയുടേയും, തീരങ്ങളുടേയും ദൈന്യതയും, അതിജീവനത്തിന്റെ ഉയിര്‍പ്പുമെല്ലാം പുഴയോര കലാസ്ഥാപനമായ മലയാള കലാഗ്രാമത്തിന്റെ അകം പുറം ചുമരുകളെ അര്‍ത്ഥ പൂരിതമാക്കുന്നു.
എം.വി.ദേവന്‍ ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന കേരളത്തിലുടനീളമുള്ള 21 പ്രശസ്ത ചിത്രകാരന്മാര്‍ അണിനിരന്ന ജലമര്‍മ്മരം ചിത്ര പ്രദര്‍ശനം പ്രകൃതി സ്‌നേഹികളേയും, കലാസ്വാദകരേയും ഏറെ ആകര്‍ഷിക്കുകയാണ്.നോവുകള്‍ക്കും ആനന്ദത്തിനുമിടയിലൂടെയുള്ള ഒരു യാത്രാനുഭവമാണ് ആത്മാവിന്റെ നിറങ്ങളുടെ ഉള്‍ത്തുടിപ്പാര്‍ന്ന ഈ പ്രദര്‍ശനം പ്രദാനം ചെയ്യുന്നത്.നന്‍മയുടെ കൊടുമുടികളും,സ്‌നേഹത്തിന്റെ പച്ചപ്പുല്‍പ്പാടുകളും, പ്രണയത്തിന്റെ മഴവില്ലുകളുമാണ് പ്രശാന്ത് ഒളവിലത്തിന്റേയും, പ്രഭ കുമാര്‍ ഒഞ്ചിയത്തിന്റേയും,നിഷാ ഭാസ്‌ക്കറിന്റേയും നിറങ്ങള്‍ക്ക് ആശയ വ്യക്തത പകരുന്നത്.
ആത്മാര്‍ത്ഥതയുടേയും, കരുതലിന്റേയും തെളിനീര്‍പ്പുഴകള്‍ സതീ ശങ്കറിന്റേയും, സുഷാന്ത് കൊല്ലറക്കലിന്റേയും, വത്സന്‍ പിലാവുള്ളതിന്റേയും കേന്‍വാസുകളിലൂടെ ഒഴുകുന്നു. സൗഹൃദത്തിന്റെ പുന്തോപ്പുകള്‍ വിരിയിക്കുകയാണ് ഗംഗന്‍ ചെമ്മരത്തൂരും, പി.പി. ചിത്രയും. ബിജു സെന്‍, രഗിഷ കുറ്റിപ്പുറത്തും. സുധീഷ് പൂക്കോം., രാജീവ് ചാം,ഡോ: ലാല്‍ രഞ്ജിത്ത്, എം.പി.രവീണ, രജിന രാധാകൃഷ്ണന്‍, ഗുരു ആലക്കോട്, ബബറ്റോ ബാബു, കെ.ടി. സുബാഷ്, രാജേന്ദ്രന്‍ ചൊക്ലി, ജ്യോതി ചന്ദ്രന്‍ ,രവീന്ദ്രന്‍ മൊറാഴ എന്നിവരുടെ രചനകളും നഷ്ടവസന്തങ്ങളുടെ നിറവാര്‍ന്ന ജീവല്‍ സ്പന്ദനങ്ങളായി.
ഋതു ഭേദങ്ങള്‍ മഴവില്ലുകളായി ഉള്‍ച്ചേര്‍ന്ന 21 ചിത്രമെഴുത്തുകാരുടെ സമ്മോഹന ങ്ങളായ വരകളുടേയും വര്‍ണ്ണങ്ങളുടേയും മാസ്മരികമായ ഒരു ചിന്താ ലോകത്തേക്ക് ജലമര്‍മ്മരം നമ്മെ കൊണ്ടെത്തിക്കുന്നു. പ്രദര്‍ശനം 28 ന് സമാപിക്കും.