111 ഭവനങ്ങള്‍ സമര്‍പ്പിച്ച് മര്‍കസ് ചാരിറ്റി കോണ്‍ഫറന്‍സ്: സാമൂഹ്യപുരോഗതിക്കായി പരിശ്രമിക്കാന്‍ ഏവരും മുന്നോട്ടുവരണമെന്ന് കാന്തപുരം

111 ഭവനങ്ങള്‍ സമര്‍പ്പിച്ച് മര്‍കസ് ചാരിറ്റി കോണ്‍ഫറന്‍സ്: സാമൂഹ്യപുരോഗതിക്കായി പരിശ്രമിക്കാന്‍ ഏവരും മുന്നോട്ടുവരണമെന്ന് കാന്തപുരം

കോഴിക്കോട്: മര്‍കസ് നിര്‍മിച്ചുനല്‍കിയ 111 ഭവനങ്ങള്‍ മത സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചു. മദനീയം കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഭവനങ്ങളുടെ നിര്‍മാണം മര്‍കസ് പൂര്‍ത്തീകരിച്ചത്. ഹബീബ് ഉമര്‍ ഹഫീള് ചടങ്ങില്‍ സന്നിഹിതനായി. സ്വന്തം കാര്യങ്ങളില്‍ മാത്രം വ്യാപൃതരാവാതെ സമൂഹത്തില്‍ പരിഗണയും അവശതയും അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാനും സാമൂഹ്യപുരോഗതിക്കായി പരിശ്രമിക്കാനും ഏവരും മുന്നോട്ടുവരണമെന്ന് കാന്തപുരം പറഞ്ഞു. പരസ്പരം സഹായിച്ചും ധര്‍മം നല്‍കിയും മുന്നോട്ടുപോയാല്‍ നമ്മുടെ നാട്ടില്‍ ദരിദ്രര്‍ ഉണ്ടാവില്ലെന്നും ഇസ്ലാം മുന്നോട്ടുവെക്കുന്ന സകാത്തിന്റെ സന്ദേശം അതാണെന്നും അദ്ദേഹം പറഞ്ഞു.

മദനീയം കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികത്തിലാണ് സാദാത്ത് ഭവനപദ്ധതി മര്‍കസ് പ്രഖ്യാപിച്ചത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രത്യേക താത്പര്യവും നിര്‍ദേശവുമാണ് ഇത്തരമൊരു പദ്ധതിയുടെ ആരംഭത്തിന് നിമിത്തമാവുന്നത്. കേരള മുസ്ലിം ജമാഅത്തിന്റെയും സുന്നി യുവജന സംഘം സാന്ത്വനത്തിന്റെയും ആഭിമുഖ്യത്തില്‍ ഭവന രഹിതര്‍ക്കായി നടപ്പിലാക്കിവരുന്ന ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയുടെ ചുവടുപിടിച്ചാണ് അര്‍ഹരായ കുടുംബങ്ങള്‍ക്കായി വീടുകളൊരുക്കിയത്. 100 വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും അപേക്ഷകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നിര്‍മിക്കാനുദ്ദേശിച്ച വീടുകളുടെ എണ്ണം 313 ആയി ഉയര്‍ത്തി. ഇതില്‍ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 111 വീടുകളുടെ കൈമാറ്റമാണ് നടന്നത്.

സമ്മേളനത്തിന്റെ ഭാഗമായി ഉച്ചക്ക് രണ്ടിന് ഗുണഭോക്തൃ സംഗമം നടന്നു. ഭവനങ്ങള്‍ ലഭിച്ച സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള കുടുംബാംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു. വൈകുന്നേരം നാലിന് നടന്ന മദനീയം പ്രാര്‍ത്ഥനാ സംഗമവും പ്രകീര്‍ത്തന സദസ്സും നടന്നു.

ചാരിറ്റി കോണ്‍ഫറന്‍സ് ഭവന സമര്‍പ്പണ പൊതുസമ്മേളനം വൈകുന്നേരം ഏഴിന് മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എംകെ രാഘവന്‍ എംപി, പിടിഎ റഹീം എംഎല്‍എ വിശിഷ്ടാതിഥികളായി. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.

സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, എം അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, ഹസ്റത്ത് മുഹമ്മദ് റസ്വി കാവല്‍കട്ടെയ്, ഡോ. ഹുസൈന്‍ സഖാഫി ചുളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സദസ്സിനെ സംബോധന ചെയ്ത് സംസാരിച്ചു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രമേയ പ്രഭാഷണവും മജീദ് കക്കാട് സ്വാഗത പ്രസംഗവും നടത്തി. ഭവന പദ്ധതിയുടെ ധനസമാഹരണത്തിന് നേത്യത്വം നല്‍കിയ മദനീയം അബ്ദുലത്തീഫ് സഖാഫിയെ ചടങ്ങില്‍ ആദരിച്ചു. കെകെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് അശ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ഹസനുല്‍ അഹ്ദല്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, പ്രൊഫ. എകെ അബ്ദുല്‍ ഹമീദ് സംബന്ധിച്ചു. ചാരിറ്റി കോണ്‍ഫറന്‍സിന് ശേഷം നടന്ന ആത്മീയ സംഗമത്തിന് പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നല്‍കി. ഗുണഭോക്താക്കളും പൊതുജനങ്ങളുമടക്കം കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലുള്ള ആയിരക്കണക്കിന് പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *