കൊല്ലം: സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പദ്ധതിയിലൂടെ റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാകുമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ആധുനികവല്‍ക്കരിക്കുന്ന വാളകം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരേഖ സംബന്ധിച്ചുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലൂടെ സാധിക്കും. വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ആവുന്നതിലൂടെ സേവനങ്ങളും സ്മാര്‍ട്ട് ആവുകയാണ്. ആധാരം എഴുതുമ്പോള്‍ തന്നെ പോക്കുവരവ് ചെയ്ത് വസ്തുവിന്റെ പ്ലാന്‍ ലഭ്യമാക്കുന്ന രീതിയിലുള്ള സംവിധാനം ഒരുക്കും. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് സംസ്ഥാനത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ സജ്ജീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈടെക് കെട്ടിടം നിര്‍മിക്കുക. ഭിന്നശേഷി സൗഹൃദ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ നിര്‍മാണ ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ക്യാബിനുകള്‍, രേഖകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍, കമ്പ്യൂട്ടര്‍, സെര്‍വര്‍ സംവിധാനങ്ങള്‍, കുടിവെള്ള സൗകര്യം, ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കുള്ള വിശ്രമ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് വില്ലേജ് ഓഫീസ് ഒരുക്കുന്നത്.
ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവന്‍ അധ്യക്ഷത വഹിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹര്‍ഷകുമാര്‍, ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അലക്‌സാണ്ടര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം റെജി, പഞ്ചായത്ത് അംഗങ്ങളായ അനീഷ് മംഗലത്ത്, കെ.അജിത, പുനലൂര്‍ ആര്‍.ഡി.ഒ ബി.ശശികുമാര്‍, തഹസീല്‍ദാര്‍ പി. ശുഭന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.