ചെമ്പകശ്ശേരി ചന്ദ്രബാബു
കൊല്ലം: എന്റെ കേരളം പ്രദര്‍ശനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനയില്‍ ഷഹബാസ് അമന്‍ പാടുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ശ്രവിക്കാന്‍ സംഗീതം പോലെ മറ്റൊരു ജീവിതം കൂടി സാക്ഷിയായിരുന്നു. ചവറ സ്വദേശിയായ കൃഷ്ണകുമാര്‍. മസ് കുലാര്‍ഡിസ്‌ട്രോഫി രോഗം ബാധിച്ച് കിടക്കയിലായ കൃഷ്ണകുമാര്‍ തന്റെ ഇഷ്ട ഗായകനെ കാണുവാന്‍ വ്യഗ്രതയിലായിരുന്നു ചലനങ്ങള്‍ നിന്നു പോയ ജീവിതത്തെ മനസ്സിന്റെ തൃഷ്ണ കൊണ്ട് ജീവിതം മാറ്റിമറിച്ച അനുഭവമാണ് കൃഷ്ണ കുമാറിന്റേത്. എഴുത്ത്, സംഗീതം, വായന, യാത്ര…. അങ്ങനെ മതില്‍ കെട്ടുകള്‍ ഇല്ലെന്ന് കരുതിയ കൃഷ്ണ കുമാറിന്റെ ജീവിതത്തില്‍ ഇഷ്ടങ്ങളുടെ കൂട്ടിന് വേഗതയുണ്ട്. ആ സാക്ഷാത്കാരത്തിന്റെ തെളിമയായിട്ടാണ് ഏറെ പ്രിയപ്പെട്ട ഗായകനെ കാണുവാന്‍ എത്തിയത്. ഷഹബാസ് അമനോടുള്ള ആരാധന അത്ര കടുത്തതാണ്. ഇത്രയും സ്‌നേഹമുള്ള മറ്റൊരു ആരാധകനും ഉണ്ടാവില്ലെന്ന് സാക്ഷ്യം പറഞ്ഞു ഷഹബാസ് അമന്‍. പിന്നെ അവര്‍ ഒരുമിച്ച് ചിന്തയുടെ താളങ്ങള്‍ പങ്ക് വച്ചു. പ്രിയപ്പെട്ട ഗായകന്റെ പാട്ടുകള്‍ കൃഷ്ണകുമാര്‍ കേട്ടിരുന്നു. കൃഷ്ണകുമാര്‍ പറയുന്നതിങ്ങനെ: ‘ഏറ്റവും സ്‌നേഹം എന്നോടാണ്. പിന്നെ, ഞാന്‍ സ്‌നേഹിക്കുന്ന ഓരോന്നിനോടും ഒരിക്കലും അവസാനിക്കാത്ത ഷഹബാസ് അമന്റെ പാട്ടുകള്‍ പോലെ ജീവിതത്തോടും’.