കൊല്ലം: പ്രണയിനിയോടുള്ള സംസാരമെന്ന അര്‍ഥം കൂടിയുണ്ട് ഗസലെന്ന വാക്കിന്…ഷഹബാസ് അമന്‍ പാടുമ്പോള്‍ പാട്ടിന് വിരഹമെന്നും പ്രണയമെന്നും വിഷാദമെന്നും ഒരിക്കലും പെയ്തു തോരാത്ത ആഹ്ലാദമെന്നും കൂടിയായിരുന്നു അര്‍ഥങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്തില്‍ ഷഹബാസ് അമന്റെ പാട്ടില്‍ നിറയെ കാലത്തിന്റെ മധുരം നിറഞ്ഞു.. പ്രണയവും വിഷാദവും വിരഹവും സൗഹൃദവും കോര്‍ത്തിട്ട വരികള്‍.. ഗസലിനൊപ്പം മാപ്പിളപ്പാട്ടും സിനിമാപ്പാട്ടുകളുമൊക്കെ ദേശഭേദങ്ങള്‍ ഇല്ലാതെ, പെയ്തപ്പോള്‍ ഒന്ന് മാത്രം കാണികളുടെ മനസിലോടി വന്നു.. മനുഷ്യര്‍ അതിരുകള്‍ തീര്‍ത്താലും സംഗീതം അതിനുമപ്പുറം പുതിയ ലോകം തീര്‍ക്കുന്നു. ബാല്യകാല ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രിയ ഗായകന് നിറഞ്ഞ കയ്യടി നല്‍കിയാണ് സദസ് യാത്രയാക്കിയത്.