ബാലറ്റ് പേപ്പര്‍ പുനഃസ്ഥാപിക്കണം: തൃശൂര്‍ നസീറിന്റെ ഏകാംഗ പ്രതിഷേധം ശ്രദ്ധേയമായി

ബാലറ്റ് പേപ്പര്‍ പുനഃസ്ഥാപിക്കണം: തൃശൂര്‍ നസീറിന്റെ ഏകാംഗ പ്രതിഷേധം ശ്രദ്ധേയമായി

കോഴിക്കോട്: നൂതന സാങ്കേതിക വിദ്യയുടെ മറവില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്നാരോപിച്ച് ദി പബ്ലിക് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറിയും ഗിന്നസ് ജേതാവുമായ തൃശൂര്‍ നസീര്‍ നടത്തിയ പ്രതിഷേധ സമരം ശ്രദ്ധേയമായി. വോട്ടിംഗ് മെഷിനുകളില്‍ വ്യാപകമായ കൃത്രിമം നടക്കുന്നുവെന്നും ബാലറ്റ് പേപ്പറുകള്‍ വഴി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് ലഭിക്കുന്ന വിശ്വാസ്യത ഇതിന് ലഭിക്കില്ലെന്നും നസീര്‍ വാദിക്കുന്നു. വികസിത രാജ്യങ്ങളില്‍പ്പോലും ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് ബീച്ചില്‍ ഗാനങ്ങള്‍ ആലപിച്ചായിരുന്നു സമരം. പ്രതിഷേധ സമരം മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ കല്ലായി ഉദ്ഘാടനം ചെയ്തു.
പൊതുപ്രവര്‍ത്തക ഫസീല ചിനക്കല്‍ അദ്ധ്യക്ഷത വഹിച്ചു. രാവിലെ 9 മണി മുതല്‍ രാത്രി 10 വരെ ഭക്ഷണം പോലും കഴിക്കാതെ നിരന്തരം പാട്ടുകള്‍ പാടിയായിരുന്നു പ്രതിഷേധം. വിവിധ ഭാഷകളില്‍ പഴയതും പുതിയതുമായ ഗാനങ്ങളും മിമിക്രിയും ആസ്വദിക്കാന്‍ ആയിരക്കണക്കിനാളുകള്‍ എത്തി. ഇതോടൊപ്പം പൊതുജനങ്ങളില്‍ നിന്ന് ഒപ്പുശേഖരണവും നടത്തി. വിഷയത്തില്‍ ചീഫ് ജസ്റ്റിസ്, രാഷ്ട്രപതി, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവര്‍ക്ക് ഭീമ ഹരജി നല്‍കുമെന്ന് നസീര്‍ പറഞ്ഞു. നിലമ്പൂര്‍ നഞ്ചന്‍ങ്കോട് റെയില്‍വേ, തെരുവുനായ, മാലിന്യ പ്രശ്നം, മൈസൂര്‍ രാത്രിയാത്ര, മയക്കുമരുന്ന് തുടങ്ങിയ വിഷയങ്ങളില്‍ സജീവ പോരാട്ടങ്ങള്‍ നടത്തി ശ്രദ്ധേയനായ നസീര്‍ 113 മണിക്കൂര്‍ പാട്ടുപാടിയും 40 മണിക്കൂര്‍ മിമിക്രി അവതരിപ്പിച്ചുമാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *