ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെയും മുന്‍ രാഷ്ട്രപതി രാം നാഥ് കാവിന്ദിനെയും ക്ഷണിക്കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
ബിജെപി സര്‍ക്കാര്‍ ഭരണഘടനാപരമായ ഔചിത്യങ്ങളോട് തുടര്‍ച്ചയായി അനാദരവ് കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ ഖാര്‍ഗെ, ബി.ജെ.പി ആര്‍.എസ്.എസ് സര്‍ക്കാരുകള്‍ക്ക് കീഴില്‍ രാഷ്ട്രപതിയുടെ ഓഫീസ് നോക്കുകുത്തിയായി മാറിയെന്നും കുറ്റപ്പെടുത്തി.
മുന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെയും പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പാര്‍ലമെന്റ് രാജ്യത്തിന്റെ ഏറ്റവും വലിയ ജനാധിപത്യ സ്ഥാപനമാണെന്നും രാഷ്ട്രപതി സര്‍ക്കാരിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റെയും രാജ്യത്തെ ഓരോ പൗരന്റെയും പ്രതിനിധിയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യുന്നത് എങ്കില്‍ അത് ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാപരമായ ഔചിത്യത്തോടുമുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇതിനോടകം തന്നെ നിരവധി പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ലോക്സഭാ സെക്രട്ടറിയേറ്റിന്റെ അറിയിപ്പ് പ്രകാരം സവര്‍ക്കറുടെ ജന്മദിനമായ മെയ് 28നാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നത്.