കണ്ണൂര്‍: മുംബൈയില്‍ നടന്ന ഡോക്ടര്‍ ബി.ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച മ്യൂസിക്കല്‍ വീഡിയോ സംവിധായകനും സംഗീതസംവിധായകനുമുള്ള അവാര്‍ഡുകള്‍ ലഭിച്ച ഡോക്ടര്‍ സി.വി.രഞ്ജിത്തിനെ ചലച്ചിത്ര സംഗീതസംവിധായകന്‍ എ.ടി ഉമ്മര്‍ അനുസ്മരണവേദി കണ്ണൂരില്‍ ആദരിച്ചു. മേയര്‍ അഡ്വക്കറ്റ് ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും കവിയും ഗാനരചയിതാവുമായ ടി.പി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന്‍ എ.ടി ഉമ്മറിന്റെ ഭാര്യ ഹഫ്‌സത്ത്, ജനറല്‍ കണ്‍വീനര്‍ റഹിം പൂവാട്ടുപറമ്പ്, കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.കെ രമേഷ്‌കുമാര്‍, റിയര്‍ അഡ്മിറല്‍ മോഹന്‍, അബ്ദുല്‍ ഖാദര്‍ പനക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍ ഡി.ടി.പി.സിക്കുവേണ്ടി ഒരുക്കിയ കണ്ണൂരിന്റെ മനോഹാരിത വര്‍ണിക്കുന്ന സോംഗ് ഓഫ് കണ്ണൂര്‍ – ഹെവന്‍ ഓഫ് ടൂറിസം എന്ന മ്യൂസിക്കല്‍ വീഡിയോയുടെ സംവിധാനത്തിനും സംഗീതസംവിധാനത്തിനുമാണ് ഡോക്ടര്‍ സി.വി രഞ്ജിത്തിന് ഡോ.ബി.ആര്‍ അംബേദ്കര്‍ അവാര്‍ഡ് ലഭിച്ചത്. പത്മശ്രീ കൈതപ്രം രചിച്ച ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനാണ്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സംവിധായകന്‍ സലിം അഹമ്മദ്, കൈതപ്രം, നടന്മാരായ വിനീത്, സന്തോഷ് കീഴാറ്റൂര്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖരാണ് അഭിനയിച്ചത്.
ഡോക്ടര്‍ സി.വി രഞ്ജിത്ത് നയിക്കുന്ന മൗത്ത് ഓര്‍ഗന്‍സ് മ്യൂസിക് ടീമിന്റെ ഉദ്ഘാടനവും നടത്തി. ഹിന്ദി, മലയാളം, തമിഴ് സിനിമകളിലെ പഴയതും പുതിയതുമായ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കി കണ്ണൂരിലെ പ്രമുഖ ഡോക്ടര്‍മാരും ഗായകരുമായ സി.വി രഞ്ജിത്ത്, ശ്രീജിത്ത്, കവിത, ഷര്‍മിള്‍, രവി എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ നവ്യാനുഭൂതിയായി.