തിരുവനന്തപുരം: ആര്.ബി.ഐ പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച തീയതി വരെ സ്വീകരിക്കുമെന്ന് കെ.എസ്.ആര്.ടി.സി. എല്ലാ യൂണിറ്റുകള്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയതായി കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് അറിയിച്ചു. 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളും അറിയിപ്പുകളും വാസ്തവവിരുദ്ധമാണ്. നോട്ടുകള്‍ സ്വീകരിക്കരുത് എന്ന യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. നോട്ടുകള്‍ സ്വീകരിക്കാത്ത പരാതികള്‍ വന്നാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ ഇനി നോട്ടുകള്‍ കെ.എസ്.ആര്.ടി.സി സ്വീകരിക്കില്ലെന്ന രീതിയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വ്യക്തത വരുത്തുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു. അതേ സമയം, പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാന്‍ പ്രത്യേകം ഫോം പൂരിപ്പിച്ച് നല്‍കേണ്ടതില്ലെന്ന് എസ്.ബി.ഐ അറിയിച്ചു. കേന്ദ്ര നിര്‍ദേശ പ്രകാരം ഒറ്റത്തവണ 20,000 രൂപവരെ മാറിയെടുക്കാന്‍ പ്രത്യേകം ഫോമോ തിരിച്ചറിയല്‍ രേഖയോ നല്‍കേണ്ടതില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും പ്രസ്താവനയിലുണ്ട്. സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചരണങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ കൂടിയാണ് ചീഫ് ജനറല്‍ മാനേജരുടെ നടപടി.