‘ആ വേര്‍പാട് മനസിലേല്‍പ്പിച്ച ആഘാതം ഇപ്പോഴും വിട്ടുമാറുന്നില്ല’; നെഞ്ച് പൊള്ളിക്കുന്ന കുറിപ്പുമായി ശൈലജ ടീച്ചര്‍

‘ആ വേര്‍പാട് മനസിലേല്‍പ്പിച്ച ആഘാതം ഇപ്പോഴും വിട്ടുമാറുന്നില്ല’; നെഞ്ച് പൊള്ളിക്കുന്ന കുറിപ്പുമായി ശൈലജ ടീച്ചര്‍

കണ്ണൂര്‍: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയെ അനുസ്മരിച്ച് മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ലിനിയുടെ വേര്‍പാട് മനസിലേല്‍പ്പിച്ച ആഘാതം ഇപ്പോഴും വിട്ടുമാറുന്നില്ലെന്ന് കെ.കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. ആരോഗ്യ പ്രവര്‍ത്തനത്തിനിടയില്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ചു കൊണ്ട് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗത്തിന്റെ ഉദാഹരണമാണ് സിസ്റ്റര്‍ ലിനി.

നിപ്പ വൈറസ് ബാധയെ ചെറുത്ത് തോല്‍പ്പിക്കുന്നതിന് നാം ഒറ്റക്കെട്ടായി പരിശ്രമിക്കുകയും ലോകം തന്നെ ശ്രദ്ധിച്ച വിജയം നേടുകയും ചെയ്തു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഏറെ പകര്‍ച്ച ശേഷിയും മരണ നിരക്കുമുള്ള ഒരു വൈറസിനെ കേരളം കീഴ്‌പ്പെടുത്തി എന്നത് അന്താരാഷ്ട്ര തലത്തില്‍ പോലും നമ്മളെ അംഗീകരിക്കുന്ന പ്രവര്‍ത്തനമായി മാറിയിരുന്നു. എത്രയും പെട്ടെന്ന് തന്നെ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞു എന്നതായിരുന്നു നൂറുകണക്കിനാളുകള്‍ മരിച്ചു പോകാതെ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ നമ്മെ പ്രാപ്തമാക്കിയ കാര്യമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

 

ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം..

ലിനിയുടെ വേര്‍പാട് മനസിലേല്‍പ്പിച്ച ആഘാതം ഇപ്പോഴും വിട്ടുമാറുന്നില്ല. ആരോഗ്യ പ്രവര്‍ത്തനത്തിനിടയില്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ചു കൊണ്ട് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗത്തിന്റെ ഉദാഹരണമാണ് സിസ്റ്റര്‍ ലിനി.
നിപ്പ വൈറസ് ബാധയെ ചെറുത്ത് തോല്‍പ്പിക്കുന്നതിന് നാം ഒറ്റക്കെട്ടായി പരിശ്രമിക്കുകയും ലോകം തന്നെ ശ്രദ്ധിച്ച വിജയം നേടുകയും ചെയ്തു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഏറെ പകര്‍ച്ച ശേഷിയും മരണ നിരക്കുമുള്ള ഒരു വൈറസിനെ കേരളം കീഴ്‌പ്പെടുത്തി എന്നത് അന്താരാഷ്ട്ര തലത്തില്‍ പോലും നമ്മളെ അംഗീകരിക്കുന്ന പ്രവര്‍ത്തനമായി മാറിയിരുന്നു.
എത്രയും പെട്ടെന്ന് തന്നെ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞു എന്നതായിരുന്നു നൂറുകണക്കിനാളുകള്‍ മരിച്ചു പോകാതെ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ നമ്മെ പ്രാപ്തമാക്കിയ കാര്യം. എന്നാല്‍ ഈ വൈറസിന്റെ ആദ്യത്തെ കേസില്‍ നിന്ന് തന്നെ ലിനി സിസ്റ്റര്‍ക്ക് പകര്‍ച്ചയുണ്ടായി എന്നതാണ് മരണകാരണമായി മാറിയത്. പേരാമ്പ്ര ആശുപത്രിയില്‍ സാബിത്ത് എന്ന് പേരുള്ള നിപ്പബാധിതനെ പരിചരിക്കുന്നതിനിടയില്‍ എല്ലാ സുരക്ഷാക്രമങ്ങളും പാലിച്ചിരുന്നുവെങ്കിലും ഈ വൈറസിന്റെ പ്രഹരശേഷിയെക്കുറിച്ച് പൂര്‍ണ്ണമായും ധാരണയില്ലാതിരുന്ന ആദ്യ നാളുകളില്‍ സിസ്റ്റര്‍ ലിനിക്ക് രോഗ പകര്‍ച്ചയുണ്ടായി എന്നതാണ് പിന്നീട് മനസ്സിലായത്.
എന്നാല്‍ വൈറസ് ബാധിതയാണെന്ന് അറിഞ്ഞിട്ടും ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ സിസ്റ്റര്‍ ലിനി കാണിച്ചിട്ടുള്ള ധൈര്യവും സഹപ്രവര്‍ത്തകരോടുള്ള സ്‌നേഹവും ഒരിക്കലും മറക്കാന്‍ കഴിയില്ല. മറ്റു ജീവനക്കാര്‍ തന്നോട് കൂടുതല്‍ അടുത്ത് പെരുമാറുന്നത് സിസ്റ്റര്‍ ലിനി തന്നെ വിലക്കിയിരുന്നു, കുടുംബാംഗങ്ങളും അടുത്തുവരാന്‍ പാടില്ല എന്ന വിവരം ലിനി തന്നെ അറിയിക്കുകയായിരുന്നു.
മരണപ്പെടുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പ് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ലിനി ഭര്‍ത്താവ് സജീഷിന് എഴുതിയ കത്ത് ഇപ്പോഴും നമ്മുടെ മനസ്സില്‍ ഒരിക്കലും മായാത്ത നൊമ്പരമായി നില്‍ക്കുന്നു. താന്‍ യാത്രയാവുകയാണെന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്നും തന്നെയോര്‍ത്ത് വിഷമിക്കരുതെന്നും ലിനി സജീഷിനെ ആശ്വസിപ്പിക്കുകയായിരുന്നു.
ലോകത്തെമ്പാടും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ജീവിതം പോലും ത്യജിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നത് നമ്മളെല്ലാവരും ഓര്‍ക്കേണ്ട വസ്തുതയാണ്.
എല്ലാകാലത്തും ലിനി നമ്മുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കും…
ആദരാഞ്ജലികള്‍…

Share

Leave a Reply

Your email address will not be published. Required fields are marked *