തിരുവനന്തപുരം: രാജ്യത്ത് ഇപ്പോള്‍ നടപ്പാക്കിയ 2000 നോട്ട് നിരോധിച്ചത് രാഷ്ട്രീയലക്ഷ്യം മുന്‍ നിര്‍ത്തിയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. വരാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളാണ് ലക്ഷ്യം. കര്‍ണാടക തെരഞ്ഞെടുപ്പ് പരാജയം ബി.ജെ.പിയെ ഭയപ്പെടുത്തിയിട്ടുണ്ട്. കയ്യും കണക്കുമില്ലാതെ ബി.ജെ.പി പണം ചെലവഴിച്ചു. 650 കോടി രൂപയുടെ കള്ളപ്പണമാണ് അധികൃതര്‍ പിടിച്ചെടുത്തത്. അത് മഞ്ഞുകൂനയുടെ ഒരു അരികുമാത്രമാണെന്നു വ്യക്തം. പണത്തിന്റെ കുത്തൊഴുക്കിനു മുന്നില്‍ ബി.ജെ.പി തന്നെ. കള്ളപ്പണത്തിന്റെ കുത്തക ബി.ജെ.പിക്കു മാത്രമായിരിക്കണം. ഇതിനായുള്ള സര്‍ജിക്കല്‍ സ്ട്രൈക്കാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കല്‍.
എന്നാല്‍ ഇത്തരം രാഷ്ട്രീയകളികളിലൂടെ ഇന്ത്യന്‍ രൂപയുടെ വിശ്വാസ്യതയാണ് മോദി തകര്‍ക്കുന്നത്. 2016-ല്‍ നില്‍ക്കകള്ളിയില്ലാതെ സൃഷ്ടിച്ച 2000 രൂപയുടെ നോട്ടുകള്‍ 2023-ല്‍ റദ്ദാക്കുന്നു. അന്ന് 86 ശതമാനം മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കിയെങ്കില്‍ ഇന്ന് റിസര്‍വ്വ് ബാങ്ക് കണക്കു പ്രകാരം 11 ശതമാനത്തില്‍ താഴെയുള്ള നോട്ടുകളാണ് റദ്ദാക്കിയിരിക്കുന്നത്. പക്ഷേ, എന്തിന് ഇതു ചെയ്യണം? 2000-ത്തിന്റെ നോട്ടുകള്‍ ബാങ്കുകള്‍ ഇനി നല്‍കില്ലായെന്നു പറഞ്ഞാല്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍കൊണ്ട് 2000 രൂപയുടെ നോട്ടുകള്‍ ഇല്ലാതാകുന്ന പ്രശ്നമാണ് ഇനിയിപ്പോള്‍ ഒരു തവണ 2000 രൂപയുടെ തുക വച്ച് ക്യൂ നിന്നു മാറ്റി വാങ്ങേണ്ട ഗതികേടിലേക്ക് എത്തിച്ചിരിക്കുന്നത്. ഈ ക്ലീന്‍ നോട്ട് പോളിസി എന്നു റിസര്‍വ്വ് ബാങ്ക് പറയുന്നത് വെറും കള്ളത്തരമാണ്.
രാജ്യത്തെ കള്ളപ്പണത്തിന്റെ രാഷ്ട്രീയ കുത്തക ബി.ജെ.പി ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത റൗണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കു രണ്ടുമാസം മുമ്പായിട്ടാണ് 2000 നോട്ടിന്റെ കഥ തീരുന്നത് എന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്. ഇതു ബി.ജെ.പിയുടെ 2000 നോട്ടുകളെ ബാധിക്കില്ലായെന്നു സംശയിക്കുന്ന ശുദ്ധാത്മക്കളുണ്ടാവാം. അവരോടു പറയട്ടെ ഭരണപ്പാര്‍ട്ടിക്ക് തങ്ങളുടെ നോട്ടുകള്‍ വെളുപ്പിക്കുന്നതിന് ഒരു പ്രയാസവുമുണ്ടാവില്ല എന്നതാണ് 2016-ന്റെ അനുഭവമെന്ന് അദേഹം പറഞ്ഞു.