കോഴിക്കോട്: ഭാരതീയ പാരമ്പര്യ കളരിപ്പയറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് 21ന് രാവിലെ 11 മണിക്ക് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എജ്യുക്കേഷണല്‍ കോളേജില്‍വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള ട്രോഫികള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ സമ്മാനിക്കും. പ്രോഗ്രാം ചെയര്‍മാന്‍ വി.എം വിജയന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിക്കും. കളരിപ്പയറ്റ് ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്തുന്നതിനും കളരി മര്‍മ ചികിത്സക്ക് അംഗീകാരം ലഭിക്കുന്നതിനും വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍, ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ 2021 ഫെബ്രുവരി 24ലെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് പ്രകാരം മെഡിക്കല്‍ ബിരുദമില്ലാത്തവര്‍ ചികിത്സ നടത്തിയാല്‍ രണ്ട്‌ലക്ഷം രൂപമുതല്‍ അഞ്ച് ലക്ഷം രൂവ വരെ പിഴയും രണ്ടു വര്‍ഷം തടവുമാണ് ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അനീതിയാണ്. രാജ്യത്തിന്റെ സൈന്യത്തിന് ആയുധധാരികളേയും നിരായുധരായ അക്രമകാരികളേയും നിരായുധരായി നേരിടുവാന്‍ കളരിപ്പയറ്റിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് ബോധ്യപ്പെട്ടതിനാല്‍ കേന്ദ്രസര്‍ക്കാര്‍ കരസേനക്ക് കളരിപ്പയറ്റ് നിര്‍ബന്ധമാക്കിയതിലൂടെ പുതുതലമുറക്ക് പുതിയൊരു തൊഴിലവസരമാണ് കൈവന്നിരിക്കുന്നത്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ആക്രമണങ്ങളേയും മയക്കുമരുന്ന് ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിനും വിദ്യാലയങ്ങളില്‍ കളരിപ്പയറ്റ് നിര്‍ബന്ധമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ മനയടത്ത് പ്രകാശന്‍ ഗുരുക്കള്‍, വി.എം വിജയന്‍ ഗുരുക്കള്‍, കെ.വി മുഹമ്മദ് ഗുരുക്കള്‍ എന്നിവര്‍ പങ്കെടുത്തു.